
സ്വന്തം ലേഖകൻ: ഇന്ന് ഖത്തറിന്റെ ദേശീയ ദിനം. ദേശസ്‌നേഹത്തിന്റെ ഉണർവിൽ ജനങ്ങൾ. ഐക്യമാണ് ശക്തിയുടെ ഉറവിടം എന്നതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം. പരേഡുകൾ, എയർഷോകൾ, വെടിക്കെട്ട് പ്രദർശനം എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന ഇനങ്ങൾ. ലോകകപ്പിന്റെ ഫൈനൽ ദിനം കൂടിയാണിന്ന് എന്നതിനാൽ ഇത്തവണത്തെ ദേശീയദിനാഘോഷം ലോകശ്രദ്ധ നേടും.
അർജന്റീനയും ഫ്രാൻസും തമ്മിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ലോകകപ്പ് കിരീടം നേടുന്ന ജേതാക്കളുമായി ലുസെയ്ൽ ബൗലെവാർഡിൽ പരേഡും നടക്കും. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പ്രധാന എയർ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതൽ 3.35 വരെ ലുസെയ്ൽ ബൗലെവാർഡിന്റെ ആകാശത്ത് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കത്താറ കൾചറൽ വില്ലേജ്, എജ്യുക്കേഷൻ സിറ്റി ക്ലബ് ഹൗസ്, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലും വിപുലമായ പരിപാടികളാണ് നടക്കുന്നത്. ലോകകപ്പ് കാർണിവൽ വേദിയായ കോർണിഷ് ഉൾപ്പെടെ രാജ്യമെങ്ങും അലങ്കാരങ്ങൾ സമ്പന്നമാണ്. റോഡിന്റെ വശങ്ങളിലും ലോകകപ്പ് പതാകകൾക്കൊപ്പം അമീറിന്റെയും പിതൃ അമീറിന്റെയും ചിത്രങ്ങളും കൊടിതോരണങ്ങളും ദീപാലാങ്കാരങ്ങളുമെല്ലാം നിറഞ്ഞു കഴിഞ്ഞു.
രാജ്യത്തിന്റെ പ്രൗഢി ഒട്ടു ചോരാതെയാണ് അലങ്കാരങ്ങൾ. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലെ ആഘോഷങ്ങളും ഇന്നു സമാപിക്കും. ആധുനിക ഖത്തറിന്റെ ശിൽപിയായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽതാനി 1878 ഡിസംബർ 18ന് അധികാരമേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും ഓർമ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്.
ഇന്ന് ലോകകപ്പ് ഫൈനലിനു പുറമേ ഖത്തറിന്റെ ഈ വർഷത്തെ ദേശീയ ദിന ഔദ്യോഗിക പരേഡ് ഇന്ന് രാത്രി നടക്കും. ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ലുസൈൽ ബൊളിവാർഡിലാണ് ഈ വർഷത്തെ ഖത്തർ ദേശീയ ദിന പരേഡ് നടക്കുക. ഫൈനൽ മത്സരത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുക. ഖത്തർ സമയം രാത്രി 8 മുതൽ 9 വരെയാണ് നിലവിൽ പരേഡിന്റെ സമയമായി നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ദിന കമ്മിറ്റിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല