
സ്വന്തം ലേഖകൻ: വെല്ലുവിളികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഏത് വൈതരണികളെയും ഒരുമിച്ചൊന്നായ് നേരിട്ട് ശക്തമായി മുന്നോട്ടു കുതിക്കുമെന്നും പ്രഖ്യാപിച്ച് രാജ്യം ഇന്ന് 49ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. ‘നഹ്മദുക യാദൽ അർശ്’ എന്നതാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യം. ‘സർവ സ്തുതിയും പ്രപഞ്ചനാഥന്’ എന്നാണ് അർഥം. മൂന്നുവർഷത്തിലധികമായി തുടരുന്ന ഉപരോധത്തിനിടയിലും ഭംഗിയായി മുന്നോട്ടുപോകാൻ അനുഗ്രഹം നൽകിയതിന് ദൈവത്തെ സ്തുതിക്കുകയാണ് രാജ്യം.
കഴിഞ്ഞ വർഷങ്ങളിൽനിന്ന് ഭിന്നമായി ഉപരോധം അവസാനിക്കാനുള്ള സാധ്യതകൾ അടുത്തെത്തിയിരിക്കുന്നുവെന്ന ശുഭപ്രതീക്ഷയാണ് ഇത്തവണയുള്ളത്. രാഷ്ട്രപിതാവായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽ ഥാനിയുടെ കവിതയിൽ നിന്നുള്ള വരികളാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യമായത്.
ആഘോഷപരിപാടികൾ കോർണിഷിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ തുടങ്ങും. ക്ഷണിക്കെപ്പട്ട പ്രവാസികൾക്കും സ്വദേശികൾക്കും മാത്രമേ പരേഡ് കാണാൻ കോർണിഷിലേക്ക് പ്രവേശനാനുമതിയുള്ളൂ. ഇവർ രാവിലെ ഏഴിന് കോർണിഷിൽ എത്തണം. ദോഹ മെട്രോ രാത്രി രണ്ടുവരെ പ്രവർത്തിക്കും. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായി അവർക്കും കുടുംബാംഗങ്ങൾക്കും മറ്റു ക്ഷണിക്കപ്പെട്ടവർക്കും മാത്രമാണ് ഇത്തവണ പരേഡ് കാണാൻ അനുമതിയുള്ളൂ. വരുന്നവർ എല്ലാവിധ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിക്കണം.
രാവിലെ ഒമ്പതിനും 9.30നും ഇടയിലായിരിക്കും പരേഡ് തുടങ്ങുക. രാവിലെ കോർണിഷ് റോഡ് അടച്ചിടും. ഇന്ന് രാത്രി 8.30 മുതൽ കോർണിഷിൽ നടക്കുന്ന വെടിക്കെട്ട് കാണാൻ എല്ലാവർക്കും എത്താം. വൈകീട്ട് കോർണിഷ് റോഡിെൻറ ഒരു ഭാഗം തുറക്കുകയും ചെയ്യും. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറസ് അടക്കം എല്ലാവിധ കോവിഡ് ചട്ടങ്ങളും പാലിച്ച് മാത്രമേ കോർണിഷിലേക്ക് വെടിക്കെട്ട് കാണാനടക്കം പ്രവേശനമുണ്ടാകൂ. പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പ്രത്യേക സൗകര്യങ്ങൾ ഇത്തവണ ഉണ്ടാകില്ല.
അതിനാൽ, ഇവരുടെ വരവ് ഒഴിവാക്കുന്നതാണ് ഉചിതമെന്നും അധികൃതർ നിർദേശിക്കുന്നു. കോർണിഷിൽ നടക്കുന്ന പരിപാടികൾക്ക് പുറെമ കതാറയിൽ മാത്രമേ ഇത്തവണ ദേശീയദിന പരിപാടികൾ നടക്കൂ.
കറൻസികൾ പ്രാബല്യത്തിൽ
രാജ്യത്ത് പുതിയ സീരീസ് കറൻസി നോട്ടുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. 200 റിയാലിെൻറ പുതിയ നോട്ടും ഇന്നുമുതൽ വിനിമയത്തിൽ ഉണ്ടാകും. എന്നാൽ പഴയ നോട്ടുകൾ വിപണിയിൽ ഉണ്ടാകും. ലോക്കൽ ബാങ്കുകളിൽ നിന്ന് മൂന്നുമാസങ്ങൾക്കകം നോട്ടുകൾ മാറ്റിയെടുക്കാം. പിന്നീട് ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും മാറ്റിയെടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല