1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2020

സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷത്തിന് തയാറെടുത്ത് രാജ്യം. കൊടിതോരണങ്ങൾ നിറഞ്ഞ അലങ്കാരങ്ങളുമായി രാജ്യമെങ്ങും ആവേശം അലയടിച്ചു തുടങ്ങി. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. ഫുട്‌ബോൾ ആവേശമുണർത്തിയാണ് ഇത്തവണത്തെ ദേശീയ ദിനമെന്നതാണ് പ്രത്യേകത. അമീർ കപ്പ് ഫൈനൽ മത്സരവും 2022 ഫിഫ ഖത്തർ ലോകകപ്പിനു വേണ്ടി നിർമാണം പൂർത്തിയായ നാലാമത്തെ സ്റ്റേഡിയമായ അൽ റയ്യാന്റെ ഉദ്ഘാടനവും ദേശീയ ദിനത്തിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമീർ കപ്പ് ഫൈനലിന്റെ വേദിയൊരുക്കിയാണ് അൽ റയ്യാന്റെ ഉദ്ഘാടനം.

കൊവിഡ് കാലമായതിനാൽ ദേശീയദിനാഘോഷത്തിന്റെ പ്രധാന വേദിയായ ദർബ് അൽ സായിയിൽ ആഘോഷ പരിപാടികൾ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ദേശീയ ദിനാഘോഷ സംഘാടക കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ദോഹ കോർണിഷിലെ ഔദ്യോഗിക പരേഡുകളിൽ പഴയതുപോലെ പ്രവാസികൾക്കും സ്വദേശികൾക്കും പങ്കെടുക്കാൻ കഴിയുമോയെന്നതും സംശയമാണ്. ആഘോഷ പരിപാടികൾ ഇല്ലെങ്കിലും ദേശീയ ദിനത്തിന്റെ ആവേശത്തിൽ തന്നെയാണ് സ്വദേശികളും പ്രവാസികളും.

വീടുകളുടെയും ഓഫിസുകളുടെയും മുൻപിലും മേൽക്കൂരകളിലും വാഹനങ്ങളിലുമെല്ലാം വലുതും ചെറുതുമായ ദേശീയ പതാകകളും പതാകയുടെ നിറങ്ങളിലുള്ള കൊടിതോരണങ്ങളും ഉയർന്നു തുടങ്ങി. ചെറുപതാകകൾ, ദേശീയ പതാകയുടെ നിറങ്ങളിലെ വസ്ത്രങ്ങൾ, സുവനീറുകൾ, ദേശീയ ചിഹ്നം പതിപ്പിച്ച പാത്രങ്ങൾ, കപ്പുകൾ തുടങ്ങി ദേശീയ ദിനാവേശത്തിലേക്ക് വിപണികളും സജീവമാകുകയാണ്.

‘സാമ്രാജ്യത്തിന്റെ (സിംഹാസനത്തിന്റെ) നാഥന് സ്തുതി, എല്ലാ പ്രവൃത്തികളിലും ദൈവത്തിന്റെ വിധി സ്വീകരിക്കുന്നു’ (We praise you, the Lord of the Throne, We accept your judgment in all actions) എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. 1878 ഡിസംബർ 18ന് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.