
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബാളിന്റെ ആവേശം എല്ലായിടത്തും പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മറ്റൊരു സുവർണാവസരം പ്രഖ്യാപിക്കുകയാണ് ഖത്തർ ട്രാഫിക് വിഭാഗം. ലോകകപ്പിന്റെ അവിസ്മരണീയത അടയാളപ്പെടുത്തി വാഹനങ്ങൾ ഓടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലേലത്തിലൂടെ സവിശേഷ നമ്പറുകളും, ലോകകപ്പ് ലോഗോ പതിച്ച നമ്പർ േപ്ലറ്റും സ്വന്തമാക്കി തന്നെ ഖത്തറിന്റെ നിരത്തുകളിൽ താരമാവാം.
മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി നടക്കുന്ന ലേലത്തിലൂടെയാണ് ലോകകപ്പ് ലോഗോ പതിച്ച സ്പെഷ്യൽ നമ്പറുകൾ സ്വന്തമാക്കാൻ വാഹന ഉടമകൾക്ക് അവസരം നൽകുന്നത്. മേയ് 22 രാവിലെ എട്ടിന് ആരംഭിക്കുന്ന ലേലം 25ന് രാത്രി 10 വരെ തുടരും. ലേലത്തിലൂടെ അനുവദിക്കുന്ന നമ്പറുകൾ ഖത്തർ ലോകകപ്പിന്റെ വിലപ്പെട്ട ലോഗോ പതിച്ചാവും നിരത്തിൽ ഇറങ്ങുകയെന്ന സവിശേഷതയുണ്ട്.
രണ്ട് വിഭാഗങ്ങളായാണ് നമ്പറുകൾ തിരിച്ചിരിക്കുന്നത്.ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേകം സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമാണ്. ലേലത്തിന്റെ അവസാന 15 മിനിറ്റിൽ ഏതെങ്കിലും നമ്പറുകൾക്ക് ബിഡിങ് വർധിക്കുകയാണെങ്കിൽ ആ നമ്പറിന് മാത്രമായി മറ്റൊരു 15 മിനിറ്റ് കൂടി ലേലസമയം അധികമായി അനുവദിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
ലേലത്തിൽ വിജയിക്കുന്നവർ നാല് പ്രവർത്തി ദിവസത്തിനുള്ളിൽ ട്രാഫിക് വിഭാഗത്തിൽ ബന്ധപ്പെടണം. ലേലത്തിൽ പങ്കെടുത്ത ബിഡർ പണമടക്കാതെ പിൻവാങ്ങിയാൽ സെക്യൂരിറ്റി തുക കണ്ടുകെട്ടും. ബിഡർ ഒന്നിലേറെ നമ്പറുകൾ ലേലത്തിൽ പിടിച്ചാൽ, എല്ലാ നമ്പറുകളുടെയും തുക അടച്ചെങ്കിൽ മാത്രമേ അനുവദിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല