
സ്വന്തം ലേഖകൻ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറാനുള്ള സമയപരിധി ഉടന്‍ അവസാനിക്കും. ഡിസംബര്‍ 31 നകം പഴയ കറന്‍സികള്‍ മാറണമെന്ന് ഖത്തറിലെ മുഖ്യ ബാങ്കുകള്‍ രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിര്‍ദേശം നല്‍കി. നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും എസ്എംഎസ് സന്ദേശങ്ങളിലൂടെയും പഴയ കറന്‍സികള്‍ മാറുന്നതിനും സ്വീകരിക്കുന്നതിനും സമയപരിധി ഈ വര്‍ഷം ഡിസംബര്‍ 31 ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി, അഹ്‌ലിബാങ്ക് എല്ലാ ബ്രാഞ്ചുകളും എംടിഎമ്മുകളും വഴി എല്ലാ പഴയ കറന്‍സികളും ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്ന്’, അഹ്‌ലി ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു. ദോഹ ബാങ്ക് ഉപഭോക്താക്കള്‍ക്ക് എസ്എംഎസിലൂടെയും ട്വിറ്ററിലൂടെയും അറിയിക്കുകയും ചെയ്തു. ദോഹ ബാങ്കിലെ എല്ലാ ബ്രാഞ്ചുകളും എടിഎമ്മുകളും ഡിസംബര്‍ 31 ന് മുമ്പ് ഖത്തറിലെ പഴയ കറന്‍സികള്‍ സ്വീകരിക്കുമെന്ന് ദോഹ ബാങ്ക് ട്വീറ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെ സമയം നല്‍കി. ജൂലൈ 1 ന് മുമ്പ് പഴയ നോട്ടുകള്‍ മാറണമെന്നായിരുന്നു ആദ്യം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, സമയപരിധി ഈ വര്‍ഷം അവസാനം വരെ നീട്ടുകയായിരുന്നു.
ഡിസംബര്‍ 31 ന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇനിയും പഴയ നോട്ടുകള്‍ കൈവശം ഉള്ളവര്‍ അവ മാറ്റിയെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടത്. ബാങ്കുകളുടെ ശാഖകള്‍ വഴിയും എടിഎം വഴിയും നോട്ടുകള്‍ മാറാം. ഒരു റിയാല്‍ മുതല്‍ അഞ്ഞൂറ് വരെയുള്ള മുഴുവന്‍ നോട്ടുകളും പുതുക്കിക്കൊണ്ടാണ് അഞ്ചാം സിരീസ് കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല