
സ്വന്തം ലേഖകൻ: അടുത്തമാസം ആരംഭിക്കുന്ന ക്ലാസ്മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനത്തിൽ പാലിക്കേണ്ട മാർഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് രാജ്യത്ത് മിശ്ര പഠന സംവിധാനം നടപ്പാക്കുന്നത്. എല്ലാ സ്കൂളുകളും പാലിക്കേണ്ട കൊവിഡ്-19 നടപടികളും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പുതിയ സംവിധാന പ്രകാരം ആദ്യ സെമസ്റ്ററിൽ ഒരു ക്ലാസിൽ 15 വിദ്യാർഥികൾ മാത്രമേ അനുവദിക്കയുള്ളൂ. വിദ്യാർഥികൾ മാസ്ക് ധരിക്കുകയും 1.5 മീറ്റർ അകലം പാലിക്കുകയും വേണം. പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമില്ല. കുട്ടികൾക്ക് മാസ്ക് വേണോ വേണ്ടയോ എന്നത് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. സ്കൂൾ കന്റീൻ പ്രവർത്തിക്കില്ല.
വിദ്യാർഥികൾ ഏതൊക്കെ ദിവസം എത്തണമെന്നത് രക്ഷിതാക്കളെ സ്കൂൾ അധികൃതർ എസ്എംഎസ് വഴി അറിയിക്കണം. ഓൺലൈൻ പഠനത്തിനായി രക്ഷിതാക്കൾ കംപ്യൂട്ടർ ലഭ്യമാക്കണം. സൗകര്യപ്രദമായ പഠനാന്തരീക്ഷം ഉറപ്പാക്കുകയും ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകണം.
വിദൂര പഠന സംവിധാന പ്രകാരം പ്രതിദിനം 6 സെഷനുകൾ ഉണ്ടാകണം. ഓരോ സെഷനും പരമാവധി 15 മുതൽ 20 മിനിറ്റ് വരെയാകാം. നേരത്തെ റെക്കോർഡ് ചെയ്തവ ഉപയോഗിക്കാം. സെപ്റ്റംബർ 1 മുതൽ 3 വരെ മിശ്രിത പഠന സംവിധാന രീതിയെക്കുറിച്ച് വിദ്യാർഥികൾക്ക് മതിയായ അറിവ് നൽകണം.
സാങ്കേതിക സഹായത്തിനായി 155 എന്ന ഹോട്ട്ലൈൻ സേവനം തേടാം. പ്രതിദിന, വാരാന്ത്യ അസെസ്മെന്റിനായി ക്യു-പഠന പോർട്ടൽ, മൈക്രോസോഫ്റ്റ് ടീം ആപ്ലിക്കേഷൻ എന്നിവ പ്രയോജനപ്പെടുത്താം. ക്യു-ലേണിങ് പോർട്ടലിൽ റെക്കോർഡ് ചെയ്ത പാഠങ്ങൾ പഠിക്കാനും അസസ്മെന്റ് പൂർത്തിയാക്കാനുമായി വിദ്യാർത്ഥികൾക്ക് പാസ്വേർഡും യൂസർനെയിമും ഉണ്ടായിരിക്കണം.
ഓരോ വിദ്യാർഥിയും ആഴ്ചയിൽ 1 മുതൽ 3 തവണ വരെ സ്കൂളിലെത്തി പഠിക്കണം. ആദ്യ സെമസ്റ്ററിൽ പ്രതിദിനം സ്കൂളിൽ എത്തുക 30 ശതമാനം വിദ്യാർഥികൾ മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല