
സ്വന്തം ലേഖകൻ: ആശുപത്രികളിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന രോഗികളുടെ പുനരധിവാസ സേവനങ്ങൾക്കും പരിചരണത്തിനും ഇനി ഹെൽപ് ലൈനിൽ ബന്ധപ്പെടാം. ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ) ആണ് പ്രഥമ പുനരധിവാസ ഹെൽപ് ലൈനിന് തുടക്കമിട്ടത്. കുട്ടികൾ, മുതിർന്നവർ, വയോധികർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ഹെൽപ് ലൈൻ സേവനം ലഭിക്കുന്നത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷവും പൂർണ രോഗമുക്തിയ്ക്ക് ആവശ്യമായ പിന്തുണ നൽകുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. വാഹനാപകടം, സ്‌ട്രോക്ക്, ശസ്ത്രക്രിയ എന്നിവ മൂലമുളള ന്യൂറോളജിക്കൽ തകരാറുകൾ തുടങ്ങിയ കാരണങ്ങളാൽ ശാരീരിക ശേഷി കുറയുന്നവർക്ക് ആശുപത്രി ചികിത്സ കഴിഞ്ഞാലും തുടർ പരിചരണം ആവശ്യമാണ്. ചില രോഗികൾക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയാലും ശരിയായ തുടർ പരിചരണത്തിന് ബുദ്ധിമുട്ടുണ്ട്.
രോഗികൾ നേരിടുന്ന ഇത്തരം വെല്ലുവിളികൾ പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ ഹെൽപ് ലൈൻ തുടങ്ങിയതെന്ന് ക്യുആർഐ മെഡിക്കൽ ഡയറക്ടർ ഡോ.ഹനാദി അൽ ഹമദ് വിശദീകരിച്ചു. പുനരധിവാസ പരിചരണത്തിനുള്ള അപ്പോയ്‌മെന്റുകൾ ലഭിക്കാനും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ജെറിയാട്രിക് വെൽനസ് ക്ലിനിക്കിൽ വേഗത്തിൽ അപ്പോയ്‌മെന്റ് ലഭിക്കാനും പുതിയ സേവനം സഹായകമാണ്. ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലാണ് .
എല്ലാ പ്രായക്കാർക്കുമുള്ള പുനരധിവാസ മെഡിസിൻ സേവനങ്ങൾ, ഫിസിക്കൽ തെറപ്പി, ഒക്കുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി എന്നിവയാണ് ക്യുആർഐ നൽകുന്നത്. 4026 0400 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 3.00 വരെ സേവനം തേടാമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല