
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിലെ ജോലിക്കാർക്ക് വേതനവും സ്ഥാനക്കയറ്റവും നൽകുന്നത് പ്രകടനമികവും ഉൽപാദനക്ഷമതയും വിലയിരുത്തി മാത്രമായിരിക്കുമെന്നും ഇക്കാര്യത്തിൽ ആരേയും ഒഴിവാക്കില്ലെന്നും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ശൂറ കൗൺസിലിന്റെ 49-ാമത് സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ. വിവിധ മേഖലകളിലെ ജോലി കടമയും ഉത്തരവാദിത്തവുമായതിനാൽ വേതനവും സ്ഥാനക്കയറ്റവും പ്രകടനമികവിനെയും ഉൽപാദനക്ഷമതയെയും ബന്ധപ്പെടുത്തി മാത്രമായിരിക്കും. മികവ് ഇല്ലാത്ത വ്യക്തികൾക്ക് വേതനം നൽകാൻ സ്വകാര്യ മേഖലയിലെ നിക്ഷേപകർ തയാറാകില്ല. ഇതേ രീതിയെ സർക്കാർ മേഖലയിലും പ്രതീക്ഷിക്കാവൂ എന്നും അമീർ ചൂണ്ടിക്കാട്ടി.
വികസനപ്രവൃത്തികളും പദ്ധതികളും കൃത്യമായും കാര്യക്ഷമമായും നിർവഹിക്കപ്പെടണം. ജോലി എന്നത് ജീവനക്കാരെൻറ അവകാശം മാത്രമല്ല. അത് ഉത്തരവാദിത്തവും ബാധ്യതയുമാണ്. ഇതിനാൽ ആരെയും ഒഴിവാക്കാതെ, ശമ്പളമെന്നത് ജീവനക്കാരെൻറ ഉൽപാദനക്ഷമതയുമായും കാര്യക്ഷമതയുമായും ബന്ധപ്പെടുത്തണമെന്നത് നിർബന്ധമുള്ള കാര്യമാണ്. േജാലിയെടുക്കാതെയും തിരിച്ചുള്ള ഗുണഫലമില്ലാതെയും സ്വകാര്യമേഖലയിൽ ശമ്പളം നൽകുന്നില്ല. പണിയെടുക്കാതെ ജീവനക്കാരനെ നിലനിർത്തുന്നത് ഒരിക്കലും സ്വകാര്യമേഖലയിലെ നിക്ഷേപകർ അംഗീകരിക്കില്ല. ഇതുതന്നെ സർക്കാർ മേഖലയിലും രാജ്യം ആഗ്രഹിക്കുന്നുതായും അമീർ ഓർമിപ്പിച്ചു.
അടുത്തകാലത്തായുള്ള വിവിധ പ്രതിസന്ധികൾമൂലം എണ്ണമേഖലയിൽ വിലസ്ഥിരതയില്ല. വിലയിടിവുമുണ്ട്.എണ്ണമേഖലയെ മാത്രം വരുമാനത്തിന് ആശ്രയിക്കുന്ന രീതി കുറച്ചുകൊണ്ടുവരുകയാണ് വേണ്ടത്. ഇതിനാൽ സാമ്പത്തിക മേഖല വൈവിധ്യത്തിൽ അധിഷ്ഠിതമാക്കണം. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ഉൽപാദനശേഷി ഇതിലൂടെ കൂട്ടണം. സ്വകാര്യ നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കണം. ഇതിനായി എല്ലാവിധ ശ്രമങ്ങളും രാജ്യം തുടരും. പക്ഷേ, സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണം രാജ്യത്ത് താമസിക്കുന്ന എല്ലാ സമൂഹങ്ങളുമായും സാമ്പത്തിക സേവനമേഖലയുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ്.സ്വകാര്യ പൊതുമേഖലയും ജനങ്ങളെ ഉപഭോക്തൃസമൂഹം എന്ന രീതിയിൽനിന്ന് മാറ്റി ഉൽപാദനക്ഷമതയുള്ള സമൂഹമാക്കി മാറ്റണമെന്നും അമീർ പറഞ്ഞു.
ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് അടുത്തവർഷം ഒക്ടോബറിൽ നടക്കുമെന്ന് അമീർ പ്രഖ്യാപിച്ചു. കൗൺസിലിെൻറ 49ാം സെഷെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തരി ശൂറ കൗൺസിൽ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്ന നീക്കമാണ് തെരഞ്ഞെടുപ്പ്. ഒരുക്കം അവസാനഘട്ടത്തിലാണ്. 2003ൽ വോട്ടെടുപ്പ് നടക്കുകയും 2004ൽ പ്രഖ്യാപനം നടത്തുകയും ചെയ്ത ഭരണഘടനക്ക് അനുസൃതമായാണ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുക. പൗരന്മാരുടെ വൻ പങ്കാളിത്തത്തോടെ ഖത്തരി ശൂറ പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും നിയമനിര്‍മാണ പ്രക്രിയയെ വികസിപ്പിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്നും അമീർ പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, മന്ത്രിമാർ അടക്കമുള്ള ഉന്നതരും യോഗത്തിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല