
സ്വന്തം ലേഖകൻ: ഖത്തറിൽ വാക്സീൻ എടുത്തവർക്കു ക്വാറന്റീൻ ഇളവ് കാലാവധി 12 മാസമാക്കി. രണ്ടാമത്തെ ഡോസ് സ്വീകരിച്ചു 14 ദിവസത്തിനുശേഷമാണ് ഇതു കണക്കാക്കുക. രോഗപ്രതിരോധ ശേഷി വർധിക്കുന്നതു സംബന്ധിച്ച പുതിയ റിപ്പോർട്ടുകളെ തുടർന്നാണു കാലാവധി ദീർഘിപ്പിച്ചത്.
12 മാസത്തിനിടെ കോവിഡിൽ നിന്നു സുഖം പ്രാപിച്ചവർക്കു നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തർ അംഗീകരിച്ച ഒരു ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ക്വാറന്റീൻ ഒഴിവാകും. അതതു രാജ്യങ്ങളിലെ ആരോഗ്യ വകുപ്പിന്റെ, ക്യുആർ കോഡോടു കൂടിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഖത്തറിൽ ഫൈസർ, സിനോഫാം, മൊഡേണ, അസ്ട്ര സെനക, ജോൺസൺ ആൻഡ് ജോൺസൺ വാക്സീനുകൾക്കാണ് അംഗീകാരമുള്ളത്. ജൂലൈ 12 മുതല്‍ നിലവില്‍ വരുന്ന ക്വാറന്‍റൈന്‍ ഇളവുകളില്‍ ആരോഗ്യ മന്ത്രാലയം കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. പകരം പത്ത് ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതിയാകും.
പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന അറിയിപ്പ്. ഇതില്‍ മാറ്റം വരുത്തിയാണ് പുതിയ അറിയിപ്പ് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല