
സ്വന്തം ലേഖകൻ: ഖത്തറിലെത്തുന്ന യാത്രക്കാരിൽ ഏതാനും പേരെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രാലയം. നിരീക്ഷണത്തിൽ കണ്ടെത്തുന്ന ഇവരെ മെഡിക്കൽ ടീമുകൾ സൗജന്യ ആർടി പിസിആർ ടെസ്റ്റിനു വിധേയമാക്കും. യാത്രയ്ക്കു മുൻപ് നടത്തിയ പിസിആർ ടെസ്റ്റിനു പുറമേയാണ് ഈ റാൻഡം പരിശോധന.
നിമിഷങ്ങൾ മാത്രം വേണ്ടിവരുന്ന പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാം. പിസിആർ റിപ്പോർട്ട് വരുംവരെ ഇഹ്തെറാസ് ആപ് സ്റ്റാറ്റസ് പച്ച ആയിരിക്കും. എസ്എംഎസ് വഴി 24 മണിക്കൂറിനകം ഫലം അറിയിക്കും. പോസിറ്റീവ് ആണെങ്കിൽ തുടർ നടപടിക്രമങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകും. ഖത്തറിലേക്കു വരാൻ യാത്രയുടെ 48 മണിക്കൂറിനുള്ളിൽ ഐസിഎംആർ ലാബുകളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ്. ഇതിന്റെ പ്രിന്റ് കരുതുകയും വേണം.
ഡിസ്കവർ ഖത്തർ മുഖേന ബുക്ക് ചെയ്ത ഹോട്ടൽ ക്വാറന്റീൻ രേഖ, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സപ്ഷനൽ എൻട്രി പെർമിറ്റ്, വിമാനത്താവളത്തിൽ നിന്നു ലഭിക്കുന്ന അണ്ടർടേക്കിങ്, ഹെൽത്ത് അസസ്മെന്റ് ഫോറം എന്നിവയുടെയും പ്രിന്റ് കരുതണം. വാക്സിനേഷൻ പൂർത്തിയാക്കിയവരാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റും ഉണ്ടാകണം.
ഹമദ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ സ്മാർട് ഫോണിൽ ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്തിരിക്കണം. വീസ അല്ലെങ്കിൽ ഐഡി നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം. സഹായത്തിന് വൊളന്റിയർമാർ ഉണ്ടാകും. ഇതിനു ഖത്തർ സിം കാർഡ് നിർബന്ധം. ∙ക്വാറന്റീനിൽ പ്രവേശിക്കുന്നതു മുതൽ ഇഹ്തെറാസ് സ്റ്റാറ്റസ് മഞ്ഞ ആയിരിക്കും.
∙വിമാനത്താവളത്തിൽ നിന്ന് ക്വാറന്റീനിൽ കഴിയേണ്ട ഹോട്ടലിലേക്കാണു പോകേണ്ടത്. ഇതിന് ഹോട്ടൽ പ്രതിനിധികൾ എത്തും. ഹോട്ടലിൽ 10 ദിവസവും മറ്റു കേന്ദ്രങ്ങളിൽ 14 ദിവസവുമാണ് ക്വാറന്റീൻ. സ്വകാര്യ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കില്ല. ക്വാറന്റീനിൽ പ്രവേശിച്ചാലുടൻ ആരോഗ്യവിഭാഗം ജീവനക്കാരെത്തി സൌജന്യ കോവിഡ് പരിശോധന നടത്തും. അഞ്ചാമത്തെയും ഒൻപതാമത്തെയും ദിവസങ്ങളിൽ വീണ്ടും പരിശോധനയുണ്ടാകും. നെഗറ്റീവ് ആണെങ്കിൽ വീട്ടിലേക്ക് മടങ്ങാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല