1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

സ്വന്തം ലേഖകന്‍: ‘സിറിയന്‍ ഏകാധിപതി അസ്സദ് യുദ്ധ കുറ്റവാളി; സ്വന്തം ജനങ്ങളെ ചുട്ടെരിക്കുന്ന അയാളുമായി സഹകരിക്കാനില്ല,’ സിറിയക്കെതിരെ നിലപാട് കടുപ്പിച്ച് ഖത്തര്‍. സിറിയന്‍ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയാണെന്നും സിറിയന്‍ ഭരണകൂടവുമായി സഹകരിക്കാനാകില്ലെന്നും ഖത്തര് വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ദമസ്‌കസില്‍ ഖത്തര്‍ എംബസി പുനരാരംഭിക്കില്ലെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഒരു യുദ്ധക്കുറ്റവാളിയുമായി സഹകരിക്കുന്നത് ഖത്തറിന്റെ അജണ്ടയല്ല. ആരെങ്കിലും അങ്ങിനെയൊരു നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കില്ല,’ ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.

‘2000ത്തില്‍ എതിരാളികളില്ലാതെയാണ് അസദ് അധികാരത്തിലെത്തിയത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി അയാള്‍ ഭരിക്കുന്നു. എട്ടുവര്‍ഷമായി സിറിയ ആഭ്യന്തര യുദ്ധഭീഷണിയിലാണ്. നാളിതുവരെയായിട്ടും ദുരന്തത്തിന്റെ തോത് കൂടിയതല്ലാതെ കുറഞ്ഞട്ടില്ല,’ അസദുമായി സഹകരിക്കാത്തതിന്റെ കാരണം അല്‍താനി വ്യക്തമാക്കി.

അസദിന് കീഴിലുള്ള സിറിയയെ അറബ് ലീഗില്‍ തിരിച്ചെടുക്കില്ല. സിറിയന്‍ ജനതയെ അസദ് ചുട്ടുകൊല്ലുകയാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ അല്‍താനി പറഞ്ഞു. 2011ലാണ് അറബ് ലീഗില്‍ നിന്ന് സിറിയയെ പുറത്താക്കുന്നത്. യു.എ.ഇയും ബഹ്‌റൈനും ദമസ്‌കസില്‍ എംബസി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.