
സ്വന്തം ലേഖകൻ: ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള രാജ്യത്തെ റസ്റ്റാറൻറുകൾക്ക് സെപ്റ്റംബർ ഒന്നുമുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടില്ലാത്ത റസ്റ്റാറൻറുകൾക്ക് 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. റസ്റ്റാറൻറുകളിൽ ബുഫേ സംവിധാനം ഉണ്ടാകരുത്.
ശീശ സൗകര്യം അനുവദനീയമല്ല. ഭക്ഷണമെനു മുൻകൂട്ടി ഓർഡർ ചെയ്തിരിക്കണം. ഹാൻഡ് സാനിറ്റൈസറുകൾ നൽകണം. തറയിൽ സുരക്ഷിത അകലം വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ പതിക്കണം. തീൻമേശകൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവരെയും ശരീരോഷ്മാവ് 38 ഡിഗ്രിയിൽ കൂടുതലുള്ളവരെയും ഇഹ്തിറാസ് ആപ്പിൽ പച്ചനിറം സ്റ്റാറ്റസ് കാണിക്കാത്തവരെയും ഒരിക്കലും റസ്റ്റാറൻറിനകത്തേക്ക് പ്രവേശിപ്പിക്കരുത്.
കുടുംബാംഗങ്ങൾക്കൊഴികെ നീളമുള്ള മേശയിൽ പരമാവധി അഞ്ചുപേർക്ക് മാത്രമേ ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുള്ളൂ. കഴിയുന്നത്ര കാർഡുപയോഗിച്ചുള്ള പണമിടപാടിന് ഉപഭോക്താക്കളെ േപ്രാത്സാഹിപ്പിക്കണം.
qatarclean.com എന്ന വെബ്സൈറ്റ് വഴി റസ്റ്റാറൻറുകൾക്ക് ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. ബന്ധപ്പെട്ട അതോറിറ്റികൾ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നവക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല