1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2022

സ്വന്തം ലേഖകൻ: ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസറിന്റെ ഔദ്യോഗിക ദോഹ സന്ദര്‍ശനത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്തിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇതേകുറിച്ച് പഠിക്കുന്നതിന് ഇരു വിഭാഗവും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും ധാരണയായി. ഗതാഗത മേഖലയ്ക്കു പുറമെ, സിവില്‍ ഏവിയേഷന്‍, തുറമുഖം തുടങ്ങിയ മേഖലകളിലും നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇരു സംഘവും തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണയായി. ചര്‍ച്ചയില്‍ സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. റുമൈഹ് മുഹമ്മദ് അല്‍ റുമൈഹും ഖത്തര്‍ ഗതാഗത മന്ത്രാലയം പ്രതിനിധികളും സംബന്ധിച്ചു. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും വികസിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ചയില്‍ വിശകലനം ചെയ്തു.

ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധി സംഘങ്ങളും മന്ത്രിമാരുടെ നേതൃത്വത്തില്‍ ദോഹ മെട്രോ സന്ദര്‍ശിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഖത്തര്‍ റെയില്‍ പ്രതിനിധികള്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ സൗദി സംഘത്തിന് വിശദീകരിച്ചു കൊടുത്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ട്രെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രയും ചരക്കു നീക്കവും കൂടുതല്‍ സുഗമമാവും.

ഖത്തര്‍ സഹമന്ത്രി ജാസിം അല്‍ സുലൈത്തിയുമായും സൗദി മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ കൂടിക്കാഴ്ച നടത്തി. സാഹോദര്യം, അയല്‍പക്ക ബന്ധം, ഗള്‍ഫ് മേഖലയിലെ പൊതുകാര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സൗദിയും ഖത്തറും തമ്മില്‍ തുടര്‍ന്ന് പോരുന്ന ചരിത്രപരവും തന്ത്രപരവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഇപ്പോള്‍ നടക്കുന്ന സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സഹകരണത്തിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജാസര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ സൗദി ഗതാഗത- ലോജിസ്റ്റിക് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും ദിനങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു.

സൗദിയുടെ നേതൃത്വത്തില്‍ ഈജിപ്ത്, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷത്തെ ഉപരോധം സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം വലിയ തോതില്‍ വഷളാകാന്‍ കാരണമായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സൗദിയില്‍ നടന്ന അല്‍ ഉലാ ജിസിസി ഉച്ചകോടിയിലാണ് ഇത് പിന്‍വലിക്കാന്‍ ധാരണയായത്. അതിനു ശേഷം ഇരു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി വരികയാണ്. ഇതിന്റെ ഭാഗമായാണ് സൗദിയില്‍ നിന്നുള്ള മന്ത്രിതല സംഘം ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.