1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2022

സ്വന്തം ലേഖകൻ: പുതിയ അക്കാദമിക വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്ന ദിവസം എല്ലാ വിദ്യാര്‍ഥികളും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി അതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാലയങ്ങളില്‍ കുട്ടികള്‍ എത്തുന്ന ആദ്യ ദിവസമാണ് ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ക്ലാസ്സിലെത്തുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്തതായിരിക്കണം ടെസ്റ്റ്. ആന്റിജന്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കുട്ടികളെ കിന്റര്‍ഗാര്‍ട്ടന്‍ ഉള്‍പ്പെടെയുള്ള ക്ലാസ്സുകളില്‍ പ്രവശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും കിന്റര്‍ഗാര്‍ട്ടന്‍ അധികൃതര്‍ക്കും മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനകം നല്‍കിക്കഴിഞ്ഞു. ഇതിന്റെ മുന്നോടിയായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ആന്റിജന്‍ ടെസ്റ്റ് കിറ്റ് നല്‍കാനും ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യേണ്ടത്.

ഹെല്‍ത്ത് സെന്ററില്‍ നിന്ന് ആവശ്യമായ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമായിട്ടുണ്ടെന്ന് എല്ലാ സ്‌കൂള്‍ അധികൃതരും സ്‌കൂളിലെ നഴ്‌സിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. ഇത് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കിടയില്‍ വിതരണം ചെയ്യണം. ടെസ്റ്റ് കിറ്റുകള്‍ ഏറ്റുവാങ്ങേണ്ട ദിവസവും സമയവും അറിയിച്ചു കൊണ്ടുള്ള എസ്എംഎസ് സന്ദേശം എല്ലാ രക്ഷിതാക്കള്‍ക്കും നേരത്തേ തന്നെ അയക്കണം. ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ കുട്ടികളെ സ്‌കൂളിലേക്ക് അയക്കൂ എന്ന പ്രതിജ്ഞാപത്രം രക്ഷിതാക്കളില്‍ നിന്ന് ഒപ്പിട്ടു വാങ്ങുകയും വേണം.

ആഗസ്ത് 21നാണ് ഖത്തറില്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കുന്നത്. അതിന് നാല്‍പത്തി എട്ടു മണിക്കൂറിനിടയിലുള്ള സമയത്ത് തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ രക്ഷിതാക്കളെ ഉദ്‌ബോധിപ്പിക്കണമെന്നും മന്ത്രാലയം സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.