
സ്വന്തം ലേഖകൻ: അടുത്തമാസം മുതൽ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ നിരക്ക് 50 ശതമാനമാക്കി ഉയർത്തി. ക്ലാസ്മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനം തുടരുമെന്നും അധികൃതർ അറിയിച്ചു. ശൈത്യകാല അവധിക്കു ശേഷം മൂന്നിനാണു സ്കൂളുകൾ തുറക്കുക. പത്തിനകം എല്ലാ സ്കൂളുകൾ തുറക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.
റോട്ടേറ്റിങ് ഹാജർ സംവിധാനം 50 ശതമാനം ആക്കി ക്രമീകരിച്ചു കൊണ്ടുള്ള ഷെഡ്യൂൾ വേണം തയാറാക്കാൻ. ഓരോ സ്കൂളുകളിലും ആദ്യ ആഴ്ചയിൽ 50% വിദ്യാർഥികൾ സ്കൂളിലെത്തിയും 50% പേർ ഓൺലൈനിലും പഠിക്കണം. ആദ്യ ആഴ്ചയിൽ സ്കൂളിലെത്തിയവർക്ക് ഓൺലൈനിലും തിരിച്ചുമാണ് രണ്ടാം ആഴ്ച. ഇതു മാറി മാറി തുടരും. വിട്ടുമാറാത്ത രോഗമുള്ള വിദ്യാർഥികൾ അംഗീകൃത മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ ഓൺലൈൻ മാത്രമായി തുടരാം. സെപ്റ്റംബർ 1 മുതലാണ് മിശ്രപഠന സംവിധാനം ആരംഭിച്ചത്.
എല്ലാ സ്കൂളുകളിലും ഒരു ക്ലാസ് മുറഇയിൽ പ്രതിദിനം പരമാവധി 15 വിദ്യാർഥികൾ മാത്രമേ പാടുള്ളു. ക്ലാസ്മുറികളിലെ ഡെസ്ക് തമ്മിലുള്ള അകലം 1.5 മീറ്റർ ആയിരിക്കണം. വിദ്യാർഥികൾ മാസ്ക് ധരിക്കണം. അതേസമയം കിന്റർഗാർട്ടൻ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമല്ല. സ്കൂളുകളുടെ എൻട്രി, എക്സിറ്റ് കവാടങ്ങളിൽ അകലം പാലിച്ചു കൊണ്ടുള്ള ക്രമീകരണങ്ങൾ തുടരണം. എല്ലാ സ്കൂളുകളിലും കോവിഡ് മുൻകരുതൽ വ്യവസ്ഥകൾ നിർബന്ധം. വ്യവസ്ഥകൾ ലംഘിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും. എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും സ്കൂളുകളിൽ മുഴുവൻ സമയവും ജോലി ചെയ്യണം.
പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള സ്കൂളുകൾ, സ്പെഷലൈസ്ഡ്, ടെക്നിക്കൽ, ഉൾപ്രദേശങ്ങളിലെ സ്കൂളുകൾ, ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലെ സ്വകാര്യ, പ്രീ-സ്കൂളുകൾ എന്നിവിടങ്ങളിൽ മുഴുവൻ വിദ്യാർഥികളും ദിവസവും സ്കൂളിലെത്തി പഠിക്കണം. ഇവരെ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ച് ഒരു ക്ലാസിൽ 15 വിദ്യാർഥികളാക്കണം. കുട്ടികളെ തമ്മിൽ 1.5 മീറ്റർ അകലവും ഉറപ്പാക്കണം. ഈ സ്കൂളുകൾക്ക് മുൻകൂർ അനുമതി തേടി ഷിഫ്റ്റ് അടിസ്ഥാനത്തിലും പ്രവർത്തിക്കാം. എന്നാൽ ഒരു ഷിഫ്റ്റിൽ 50 ശതമാനത്തിലധികം വിദ്യാർഥികൾ പാടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല