1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിച്ചിരിക്കെ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ടുള്ള ക്ലാസ്സുകളും സംയോജിപ്പിച്ചുള്ള പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ട് ആഴ്ച്ചകള്‍ക്കിടയില്‍ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാവുന്ന സ്ഥിതി ഉണ്ടാവണമെന്നും വിദ്യാഭ്യാസകാര്യ അണ്ടര്‍ സെക്രട്ടറി ഫൗസിയ അബ്ദുല്‍ അസീസ് അല്‍ ഖാത്തര്‍ പറഞ്ഞു.

50 ശതമാനം കുട്ടികള്‍ ഇടവിട്ട ദിവസങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകളില്‍ ഹാജരാവുന്ന രീതിയിലായിരിക്കും പഠനം ക്രമീകരിക്കുക. ഒരു ദിവസം നേരിട്ടുള്ള ക്ലാസ്സില്‍ പങ്കെടുത്ത കുട്ടികള്‍ തൊട്ടടുത്ത ദിവസം വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കും. മൈക്രോസോഫ്റ്റ് ടീംസ് വഴിയായിരിക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. എല്ലാ ക്ലാസ്സുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. കോവിഡ് സാഹചര്യത്തില്‍ പരസ്പരം കൂടിക്കലരുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനും ക്ലാസ്സില്‍ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുന്നതിനും വേണ്ടിയാണിത്.

ആരോഗ്യ മന്തരാലയത്തിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും മറ്റ് രാജ്യങ്ങളിലെ വിദ്യാലയങ്ങളില്‍ തുടരുന്ന മികച്ച രീതികള്‍ പരിശോധിച്ചുമാണ് ഇത്തരമൊരു പഠന രീതി ഖത്തര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, ഉള്‍പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ കുറഞ്ഞ സ്‌കൂളുകള്‍, വിദ്യാര്‍ഥികള്‍ കുറവുള്ള പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ സ്‌കൂളുകള്‍ എന്നിവയില്‍ സ്ഥല സൗകര്യങ്ങള്‍ പരിഗണിച്ച് 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഒരേ സമയം ക്ലാസ്സില്‍ ഹാജരാവാം.

കോവിഡിന്റെ സാഹചര്യത്തില്‍ സ്‌കൂള്‍ സമയം കുറച്ചതായും അണ്ടര്‍ സെക്രട്ടറി അറിയിച്ചു. രാവിലെ 7.15ന് ആരംഭിച്ച് 13.30ന് അവസാനിക്കുന്ന രീതിയിലായിരിക്കും ക്ലാസ്സുകള്‍ നടക്കുക. എല്ലാ ക്ലാസുകളിലും അധ്യാപകര്‍ ആഴ്ച്ചയില്‍ 30 ക്ലാസുകള്‍ നല്‍കണം. ഒരു ദിവസം 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ആറ് പിരീഡുകളുണ്ടാവും. ഇതിനിടയില്‍ 25 മിനിറ്റ് ഇടവേളയും ലഭിക്കും. പുതിയ അധ്യയന വര്‍ഷം സുരക്ഷിതമായി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എല്ലാ ദിവസവും സ്‌കൂളില്‍ ഒരു നഴ്സിന്റെ സാന്നിധ്യമുണ്ടാവും. സ്‌കൂളിലേക്കുള്ള എല്ലാ സന്ദര്‍ശകരും ജീവനക്കാരും ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. സ്‌കൂളില്‍ പ്രവേശിക്കും മുമ്പ് ശരീരോഷ്മാവ് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. സാമൂഹിക അകലം പാലിക്കുന്നതിന് സ്‌കൂള്‍ തിയേറ്ററുകളും സ്പോര്‍ട്സ് ഹാളുകളും ക്ലാസ് മുറികളാക്കി മാറ്റാമെന്നും അധികൃതര്‍ അറിയിച്ചു. മോണിംഗ് അസംബ്ലികള്‍, ഗ്രൂപ്പ് ആക്ടിവിറ്റികള്‍, പഠനയാത്രകള്‍, ക്യാംപുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കിന്റര്‍ഗാര്‍ട്ടനുകള്‍, നഴ്‌സറികള്‍ തുടങ്ങിയ ചെറിയ കുട്ടികളുടെ ക്ലാസ്സുകളില്‍ ബബ്ള്‍ സമ്പ്രദായം ശക്തമായി അനുവര്‍ത്തിക്കാന്‍ ആരോഗ്യ മന്ത്രാലയം സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറിയ കുട്ടികളെ അധിക സമയം അകറ്റി നിര്‍ത്തുക അപ്രായോഗികമാണ് എന്നതിനാലാണിത്.

അഞ്ചു മുതല്‍ 15 വരെയുള്ള കുട്ടികളുള്ള ഗ്രൂപ്പുകളാക്കി തിരിക്കുകയാണ് ഈ രീതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒരു ബബ്‌ളിലെ കുട്ടികള്‍ പരസ്പരം അടുത്ത് ഇടപഴകുമെങ്കിലും മറ്റ് ബബ്‌ളുകളുമായി ഇവര്‍ ഇടകലരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കും. അതുകൊണ്ടു തന്നെ ഒരു ബബ്‌ളിലെ കുട്ടികളില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ അതിലെ മറ്റു കുട്ടികളെ മാത്രം നിരീക്ഷണത്തിലാക്കിയാല്‍ മതിയാകും. ഈ ക്ലാസ്സുകളിലെ അധ്യാപകരെയും ബബ്ള്‍ സമ്പ്രദായത്തിന്റെ ഭാഗമാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.