
സ്വന്തം ലേഖകൻ: ഖത്തറിൽ ഇളവുകളുടെ 4-ാം ഘട്ടത്തിന് തുടക്കമായതോടെ സ്കൂളുകൾ തുറന്നു. മാസ്ക് ധരിച്ചും അകലം പാലിച്ചുമാണ് വിദ്യാർഥികൾ ക്ലാസുകളിൽ എത്തിയത്. 4 മാസത്തെ ഓൺലൈൻ പഠനത്തിനും ഒരു മാസത്തെ മധ്യവേനൽ അവധിക്കും ശേഷമാണ് സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 3,40,000ൽ പരം വിദ്യാർഥികൾ പുതിയ അധ്യയന വർഷം തുടങ്ങുന്നത്.
7-ാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാണ്. 1.5 മീറ്റർ അകലവും പാലിക്കണം. വ്യവസ്ഥകൾ ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സ്കൂളുകളിൽ ഉൾപ്പെടെ പ്രവേശന കവാടങ്ങളിൽ വിദ്യാർഥികളുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. അകലം പാലിച്ച് സ്കൂളിന് അകത്തേക്കും പുറത്തേക്കും പോകാൻ പ്രത്യേക ഗേറ്റ് ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ച് 1.5 മീറ്റർ അകലം പാലിച്ചാണ് പഠനം.
പ്രതിദിനം 30 ശതമാനം വിദ്യാർഥികളാണ് സ്കൂളുകളിൽ ഹാജരാകേണ്ടത്. ഒരു ക്ലാസിൽ പരമാവധി 15 വിദ്യാർഥികൾ. ഓരോ ദിവസവും ക്ലാസ് മുറിയിലും ഓൺലൈൻ ക്ലാസിലും പങ്കെടുക്കേണ്ടവരുടെ ഷെഡ്യൂൾ സ്കൂൾ അധികൃതർ നൽകിയിട്ടുണ്ട്. പുതിയ നിബന്ധനകൾ പ്രകാരം ഒരു വിദ്യാർഥി ഒരു മാസം 7 ദിവസം ക്ലാസിലെത്തിയാൽ മതി.
വിട്ടുമാറാത്ത രോഗമുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി വീട്ടിലിരുന്ന് പഠനം തുടരാം. രക്ഷിതാക്കളുടെ ആശങ്ക തുടരുന്നതിനാൽ ആദ്യത്തെ രണ്ടാഴ്ച ഹാജർ നോക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.ഇബ്രാഹിം അൽ നുഐമി വ്യക്തമാക്കി.
സർക്കാർ, സ്വകാര്യ മേഖലയിൽ പുതുതായി 18 സ്കൂളുകളാണ് ഈ അധ്യയന വർഷത്തിൽ തുറന്നത്. 5 എണ്ണം പബ്ലിക്, കിന്റർഗാർട്ടൻ സ്കൂളുകൾ ആണ്. ഇതോടെ സർക്കാർ മേഖലയിലെ സ്കൂളുകളുടെ എണ്ണം 283 ആയി. നിലവിലെ സ്കൂളുകളുടെ ശേഷി വർധിപ്പിച്ച് 145 ക്ലാസ് മുറികൾ കൂടി സജ്ജമാക്കിയതോടെ സീറ്റുകളുടെ എണ്ണം 3,600 ആക്കി.
1,24,700 വിദ്യാർഥികൾക്കുള്ള പഠന സൗകര്യമാണ് സ്കൂളുകളിലുള്ളത്. സ്വകാര്യ മേഖലയിൽ 13 പുതിയ സ്കൂളുകളും കിന്റർ ഗാർട്ടനുകളും തുറന്നതോടെ 7,600 സീറ്റ് കൂടി ആയി. ഇതോടെ സ്വകാര്യ മേഖലയിലെ സ്കൂളുകളുടെ എണ്ണം 334 ആയി ഉയർന്നു. 2,15,000 വിദ്യാർഥികളാണ് സ്വകാര്യ സ്കൂളുകളിലുള്ളത്.
സ്കൂൾ വിദ്യാർഥികൾക്ക് റാൻഡം രീതിയിൽ കൊവിഡ് പരിശോധന നടത്തുന്നത് രക്ഷിതാക്കൾ അനുമതി പത്രത്തിൽ ഒപ്പുവച്ചാൽ മാത്രം. പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് പരിശോധന നടത്തുന്നത്.സർക്കാർ, സ്വകാര്യ സ്കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാർക്കും നടത്തിയ പരിശോധനയിൽ 98.5 ശതമാനം പേരും നെഗറ്റീവ്. പ്രതിദിന പരിശോധനയിൽ 100ൽ 2 മുതൽ 4 പേർ വരെ മാത്രമേ പോസിറ്റീവ് ആകുന്നുള്ളു.
കുട്ടികളുടെ യാത്ര രക്ഷിതാക്കൾക്ക് ഒപ്പം മാത്രം
പൊതു ഗതാഗത കമ്പനിയായ മൗസലാത്തിന്റെ കർവ ബസുകളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തനിച്ച് യാത്ര അനുവദിക്കില്ലെന്ന് അധികൃതർ. രക്ഷിതാക്കൾക്കൊപ്പം മാത്രമേ കുട്ടികൾക്ക് പ്രവേശനമുള്ളു. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും യാത്ര അനുവദിക്കില്ല. ഇന്നലെ മുതൽ കർവ ബസുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തനം തുടങ്ങി.
ബസിൽ പ്രവേശിക്കുമ്പോഴും പ്രധാന ബസ് സ്റ്റേഷനുകളിലും യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. ബസുകൾ ദിവസേന അണുവിമുക്തമാക്കുന്നുണ്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും മാസ്ക് നിർബന്ധം. ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം. കർവ ബസ് ആപ്പിലൂടെ ബുക്കിങ് നടത്താം. ബസ് റൂട്ടുകളും നിർത്തുന്ന സ്റ്റോപ്പുകളും യാത്രാ സമയങ്ങളും ആപ്പിലൂടെ അറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല