1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2023

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി വിലയക്ക് വാങ്ങുന്നു. വരുന്ന ഒക്ടോബര്‍ പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ക്ലബ്ബിന്റെ ഉടമകളായ ഗ്ലേസര്‍ കുടുംബത്തിന് 7.6 ബില്യണ്‍ ഡോളര്‍ (6,29,15,46,00,000 രൂപ) ഷെയ്ഖ് ജാസിം നല്‍കുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മാസം ആദ്യം തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെയ്ഖ് ജാസിം മാഞ്ചസ്റ്റര്‍ ഏറ്റെടുക്കുമെന്ന് പ്രമുഖ അറബ് ദിനപത്രമായ അല്‍ വത്തന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജാസിമിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഖത്തരി പത്രമാണ് അല്‍ വത്തന്‍.

ഓള്‍ഡ് ട്രാഫോര്‍ഡ് ക്ലബ് വില്‍ക്കാന്‍ തയ്യാറാണെന്ന് ഗ്ലേസര്‍ കുടുംബം പ്രഖ്യാപിച്ച 2022 നവംബര്‍ മുതല്‍ ഷെയ്ഖ് ജാസിം ബ്രിട്ടീഷ് കോടീശ്വരനായ സര്‍ ജിം റാറ്റ്ക്ലിഫുമായി മത്സരത്തിലാണ്. രണ്ട് കക്ഷികളും ഏഴ് മാസ കാലയളവില്‍ ഒന്നിലധികം ബിഡുകള്‍ അവതരിപ്പിച്ചു, ഷെയ്ഖിന്റെ അഞ്ചാമത്തെ ബിഡ് അന്തിമമാണെന്ന് പറയപ്പെടുന്നു.

100 ശതമാനം ഉടമസ്ഥതയോടെ ക്ലബ്ബിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനാണ് ഷെയ്ഖ് ജാസിം ഉദ്ദേശിക്കുന്നത്. ഇതിനുള്ള ബിഡുകളാണ് അദ്ദേഹം നല്‍കിയത്. ക്ലബ്ബിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്ക് ലഭിക്കുന്ന തരത്തിലുള്ള ബിഡുകളാണ് റാറ്റ്ക്ലിഫ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഗ്ലേസേഴ്‌സിന് സാമ്പത്തിക താല്‍പര്യമുള്ളതിനാല്‍ ഇത് അവര്‍ക്ക് കൂടി താല്‍പര്യമുള്ള ഓഫറാവുമെന്നും കരുതപ്പെട്ടിരുന്നു.

ക്ലബ്ബിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അസംതൃപ്തരായ നിരവധി ആരാധകരും ഖത്തറിന്റെ ഏറ്റെടുക്കലിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൂടുതല്‍ താരങ്ങള്‍ക്കായി പണമെറിയാനും ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയം നവീകരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി തുക ചെലവഴിക്കാനും ഷെയ്ഖ് ജാസിം തയ്യാറാവുമെന്നാണ് കണക്കുകൂട്ടല്‍.

ജിം റാറ്റ്ക്ലിഫുമായുള്ള ലേല പോരാട്ടത്തില്‍ ഷെയ്ഖ് ജാസിം ഒന്നാമതെത്തിയെന്നായിരുന്നു അല്‍വതന്‍ റിപ്പോര്‍ട്ട്. ഏറ്റവും മെച്ചപ്പെട്ട ഓഫറാണ് അഞ്ചാമത്തെ ബിഡില്‍ അദ്ദേഹം നല്‍കിയത്. ഷെയ്ഖ് ജാസിം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറ്റെടുത്തതിന്റെ വിജയവും കരാറിന്റെ പ്രഖ്യാപനവും ഉടന്‍ ഉണ്ടാകുമെന്നും അല്‍വതന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഷെയ്ഖ് ജാസിമിന്റെ അന്തിമ ബിഡ് ജൂണ്‍ ഏഴിന് സമര്‍പ്പിച്ചിരുന്നതായി യുകെയിലെ പ്രാദേശിക മാധ്യമങ്ങളും വ്യക്തമാക്കിയിരുന്നു. ക്ലബ്ബ് ആരാധകരുടെ അനിഷ്ടത്തിന് പാത്രമായ ഗ്ലേസേഴ്‌സിനെ നിശ്ചിത സമയപരിധി വരെ തുടരാന്‍ അനുവദിക്കുന്നതാണ് ഷെയ്ഖ് ജാസിമിന്റെ കരാര്‍. ഗ്ലേസേഴ്‌സിന്റെ 18 വര്‍ഷത്തെ ഭരണം ഇതോടെ അവസാനിക്കും.

ഏഴ് മാസത്തെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ യുണൈറ്റഡിന്റെ ഏറ്റെടുക്കല്‍ കഥ അതിന്റെ പരിസമാപ്തിയിലെത്തുകയാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വിജയകരമായി ഏറ്റെടുത്തതില്‍ ഷെയ്ഖ് ജാസിമിനെ അഭിനന്ദിച്ച് കനേഡിയന്‍ ഖത്തരി ബിസിനസ് കൗണ്‍സില്‍ വൈസ് ചെയര്‍മാനും അര്‍മസൈറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സായിദ് അല്‍ ഹംദാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ട്വീറ്റ് ചെയ്തിരുന്നു.

145 വര്‍ഷം മുമ്പ് 1878ലാണ് ക്ലബ് രൂപീകൃതമായത്. റെഡ് ഡെവിള്‍സ് അഥവാ ചുവന്ന ചെകുത്താന്‍മാര്‍ എന്നറിയപ്പെടുന്ന യുണൈറ്റഡ് ലോകമെമ്പാടുമുള്ള കാല്‍പന്തുപ്രേമികളുടെ ഇഷ്ടക്ലബ്ബുകളിലൊന്നായി ഇന്നും തുടരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസിലിനെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) നേരത്തേ സ്വന്തമാക്കിയിരുന്നു. സൗദി പ്രൊഫഷണല്‍ ലീഗിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെ 75 ശതമാനം ഓഹരികളും പിഐഎഫ് ഏറ്റെടുത്തിരുന്നു. കായികരംഗത്ത് നിക്ഷേപം നടത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.