1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2023

സ്വന്തം ലേഖകൻ: സ്‌കൂൾ വിദ്യാർഥികൾക്ക് മധ്യ വേനൽ അവധി അവസാനിക്കാൻ ഇനി 12 ദിവസം മാത്രം. ഇന്ത്യൻ സ്‌കൂളുകളിൽ 20 മുതൽ അധ്യാപകർ ജോലിയിൽ പ്രവേശിക്കും. 27 മുതൽ സ്‌കൂൾ പഠനം പുനരാരംഭിക്കും.വിദ്യാർഥികൾക്ക് 27 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നതെങ്കിലും അധ്യാപകർക്ക് 20ന് ജോലിക്ക് കയറണം. അവധിയുടെ ആലസ്യത്തിൽ നിന്നെത്തുന്ന വിദ്യാർഥികളെ പുതിയ അധ്യയന വർഷത്തിലേക്ക് ഊർജസ്വലതയോടെ സ്വാഗതം ചെയ്യാനുള്ള ഒരുക്കം പൂർത്തിയാക്കാനാണ് അധ്യാപകർ നേരത്തെ എത്തുന്നത്.

ജൂൺ 22നാണ് മധ്യവേനൽ അവധി തുടങ്ങിയത്. 2 മാസത്തെ അവധിക്ക് ശേഷം പ്രവാസി കുടുംബങ്ങൾ ദോഹയിലേക്ക് തിരികെ എത്തി തുടങ്ങി. ഓഗസ്റ്റ് 29ന് തിരുവോണം ആയതിനാൽ ഓണം നാട്ടിൽ ആഘോഷിച്ച ശേഷം തിരികെ എത്താമെന്നു കരുതുന്നവരും കുറവല്ല.നാട്ടിലും വിദേശങ്ങളിലുമായി മധ്യ വേനൽ അവധി ചെലവിട്ടവരാണ് മിക്കവരും. വിമാന നിരക്ക് താങ്ങാനാകാതെ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവച്ച പ്രവാസി കുടുംബങ്ങളും കുറവല്ല.

ദോഹയിൽ അവധി ആഘോഷിക്കുന്ന വിദ്യാർഥികൾക്കായി ഖത്തർ ടൂറിസത്തിന്റെ ടോയ് ഫെസ്റ്റിവൽ ഉൾപ്പെടെ വിനോദ പരിപാടികളും സജീവമായിരുന്നു. ഖത്തർ മ്യൂസിയം, ആസ്പയർ സോൺ, കത്താറ കൾചറൽ വില്ലേജ്, 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം എന്നിവിടങ്ങളിലെല്ലാം സ്‌കൂൾ വിദ്യാർഥികൾക്കായി വേനൽ ക്യാംപുകളും സജീവമാണ്. കത്താറയിലെ വേനൽ ക്യാംപ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്.

നീണ്ട അവധിക്ക് ശേഷം മടങ്ങിയെത്തുന്ന വിദ്യാർഥികളെ മാനസികമായും ശാരീരികമായും പഠനാന്തരീക്ഷത്തിലേക്ക് മടക്കി കൊണ്ടുവരാൻ വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ എന്നിവയുടെ ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ 27 മുതൽ സജീവമാകും.

അതേസമയം വിദ്യാർഥികൾക്ക് സ്‌കൂൾ ബാഗുകൾ, സ്റ്റേഷനറി സാമഗ്രികൾ തുടങ്ങി സ്‌കൂൾ പഠനത്തിനാവശ്യമായ എല്ലാ ഉൽപന്നങ്ങളുമായി ഹൈപ്പർമാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ബാക്ക് ടു സ്‌കൂൾ പ്രമോഷനുകളുമായി സ്‌കൂൾ വിപണികളും സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.