1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ ഖത്തറിലെ റോഡുകളില്‍ വന്‍ തിരക്ക്. അതോടൊപ്പം സ്‌കൂളുകള്‍ കൂടി തുറന്നതോടെ രാവിലെയും വൈകുന്നേരങ്ങളിലും പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി തിരക്കേറിയ റോഡുകള്‍ ഒഴിവാക്കി ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് ഖത്തര്‍ ട്രാഫിക് വകുപ്പ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

രാജ്യത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള വഴികള്‍ തേടി ട്രാഫിക് വകുപ്പും പൊതുമരാമത്ത് വിഭാഗമായ അശ്ഗാലും നടത്തിയ സംയുക്ത യോഗത്തിലാണ് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഗതാഗതക്കുരുക്ക് അറിയാനും ഒഴിവാക്കാനും സഹായിക്കുന്ന ഗൂഗിള്‍ മാപ്പ്, വേസ് പോലുള്ള ആപ്പുകള്‍ക്ക് പുറമേ 100 ശതമാനം ഖത്തരി ആപ്പുകളും ലഭ്യമാണെന്ന് ട്രാഫിക് അവയര്‍നസ് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജിരി പറഞ്ഞു. ഇത്തരം ആപ്പുകള്‍ കാണിക്കുന്ന തിരക്കില്ലാത്ത റൂട്ടുകള്‍ തിരഞ്ഞെടുക്കാം.

ചില റൂട്ടുകള്‍ ദൂരം കൂടുതലാണെങ്കിലും ഗതാഗതക്കുരുക്ക് കുറവായതിനാല്‍ കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യത്തിലെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നിലവില്‍ ഗതാഗതക്കുരുക്കുള്ള റോഡുകളിലെ തിരക്ക് ലഘൂകരിക്കാനും ഇതുവഴി കഴിയും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പുതിയ റോഡുകള്‍ തുറന്നതായി അശ്ഗാല്‍ അറിയിച്ചു. എന്നാല്‍, ചില യാത്രക്കാര്‍ക്ക് പുതിയ റോഡ് പരിചയമില്ലാത്തതിനാല്‍ ഇവര്‍ ഇപ്പോഴും ഓഫിസിലും സ്‌കൂളുകളിലും പോകുന്നതിന് പഴയ റൂട്ട് തന്നെ ഉപയോഗിക്കുകയാണ്. ഇത് കുരുക്ക് വര്‍ധിക്കാന്‍ കാരണമാവുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ തുറന്ന ആദ്യ രണ്ട് ദിവസം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന്റെ കാരണങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുന്നതിന് വേണ്ടിയാണ് അശ്ഗാലും ട്രാഫിക് വകുപ്പും സംയുക്ത യോഗം വിളിച്ചത്. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശ പ്രകാരം വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് ഗതാഗതം സുഗമമാക്കുമെന്നാണ് പ്രതീക്ഷയെന്നും അല്‍ ഹാജിരി അറിയിച്ചു.

അതേസമയം, ഖത്തറില്‍ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ ഈ വര്‍ഷം വലിയ വര്‍ധനവ് ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഇതു ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വര്‍ധനവാണ് വാഹന രജിസ്‌ട്രേഷനില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. പുതിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

6984 പുതിയ വാഹനങ്ങളാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനം വര്‍ധനവാണിത്. മോട്ടോര്‍ സൈക്കിള്‍ രജിസ്‌ട്രേഷനിലും ഓഗസ്റ്റില്‍ കാര്യമായ വര്‍ധനവുണ്ടായി. 412 മോട്ടോര്‍ സൈക്കിളുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. 7791 പേര്‍ക്ക് ഈ വര്‍ഷം പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.