
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെതാണ് അറിയിപ്പ്. റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്. അതെ സമയം ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത് നെഗറ്റീവാകണം. പോസിറ്റീവാണെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ടി വരും.
റെസിഡൻറ് പെർമിറ്റ്, ഫാമിലി വിസ, ടൂറിസ്റ്റ്-ബിസിനസ് ആവശ്യത്തിന് വരുന്നവർ എന്നിവർക്കാണ് നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കാൻ തീരുമാനമായത്. 11 വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കൾ വാക്സിൻ സ്വീകരിച്ചവരായാൽ ക്വാറൻറീൻ ഒഴിവാക്കപ്പെടും.
എന്നാൽ, 12നും 17നുമിടയിൽ പ്രായമുള്ള കുട്ടികൾ വാക്സിൻ സ്വീകരിച്ചവരല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾക്കൊപ്പം ക്വാറൻറീനിൽ കഴിയണം. ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് കാറ്റഗറിയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നും തിരിച്ചു വരുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസകരമാണ്.
ഖത്തറിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഫാമിലി, ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിക്കും. ജൂലൈ 12 മുതലാണ് വിസകൾ അനുവദിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നിർദേശ പ്രകാരം ഖത്തറിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൂടുതൽ വിസ നടപടികൾ പുനരാരംഭിക്കാൻ തീരുമാനമായത്.
12 മുതൽ ടൂറിസ്റ്റ്, ഫാമിലി എൻട്രി വിസകൾ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഖത്തറിലേക്ക് കര, കടൽ, ആകാശ മാർഗേന എത്തുന്നവർ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും രാജ്യത്ത് കോവിഡ് വ്യാപനം കുറക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വാക്സിനെടുത്തവരായാലും ക്വാറൻറീൻ വ്യവസ്ഥകൾ പാലിക്കേണ്ടവരും നിർദേശങ്ങൾ അനുസരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷ നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട അതോറിറ്റി മുന്നോട്ടുവെച്ച എല്ലാ നിർദേശങ്ങളും മാനദണ്ഡങ്ങളും പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല