
സ്വന്തം ലേഖകൻ: ഖത്തറിലെ നിശ്ചിത വിഭാഗം ആളുകൾക്ക് പ്രവേശന വിസയും റസിഡൻസി പെർമിറ്റും നൽകുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.
2012ലെ നാലാം നമ്പര്‍ നിയമത്തിന് പകരം 2015ലെ 21ാം നമ്പര്‍ നിയമപ്രകാരം ഖത്തറിലേക്കുള്ള പ്രവാസികളുടെ എന്‍ട്രി, എക്സിറ്റ്, റെസിഡന്‍സ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനമെന്നാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് കാബിനറ്റ് കാര്യ ആക്ടിംഗ് സഹമന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഈ അറിയിച്ചത്.
എന്നാല്‍, ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. രാജ്യത്തേക്കുള്ള പ്രവാസികളുടെ എന്‍ട്രി, എക്സിറ്റ്, റസിഡന്‍സി എന്നിയ നിയന്ത്രിക്കുന്നതിനുള്ള വിശദാംശങ്ങള്‍ അടങ്ങിയ നിയമമാണ് 2015ലെ 21ാം നമ്പര്‍ നിയമം. 2016 ഡിസംബര്‍ 13ന് ആണ് ഇത് നിലവില്‍ വന്നത്.
ജോലി മാറുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴില്‍ കരാര്‍ മാറ്റുന്നതിനുള്ള പുതിയ നടപടികള്‍, പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ വിസാ നിയന്ത്രണം എന്നാണ് മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നത്.
ഇതിനുപുറമെ, രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കോവിഡ് മുന്‍കരുതല്‍ നടപടികള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല