
സ്വന്തം ലേഖകൻ: ഖത്തറിന്റെ പ്രവേശന, യാത്രാ നയങ്ങളില്‍ വീണ്ടും ഭേദഗതി. പുതിയ ഭേദഗതിപ്രകാരം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തുന്ന 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശിക്കാം. സന്ദര്‍ശക വീസയിലെത്തുന്ന കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാക്കി. വാക്‌സീനെടുക്കാത്തവര്‍ക്കു പ്രവേശനമില്ല. പുതുക്കിയ ഇളവുകള്‍ ഒക്‌ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്കു 2.00 മുതല്‍ പ്രാബല്യത്തിലാകും.
യാത്രാ, പ്രവേശന നയങ്ങള്‍ പുതുക്കിയതിനൊപ്പം കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക ഗ്രീന്‍, റെഡ്, എക്‌സെപ്ഷനല്‍ റെഡ് എന്നിങ്ങനെ മൂന്നാക്കി ചുരുക്കി. കോവിഡ് ഏറ്റവും കൂടി എക്‌സെപ്ഷനല്‍ റെഡ് ലിസറ്റ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇന്തോനീഷ്യ, കെനിയ, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
അതിനിടെ ഖത്തറിലെ കോവിഡ് പിസിആർ പരിശോധനാ നിരക്ക് 160 റിയാൽ ആക്കി കുറച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് നിരക്ക് കുറച്ചത്. 300 റിയാൽ എന്ന ഏകീകൃത നിരക്കാണ് 160 റിയാൽ ആക്കി കുറച്ചത്. റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് 50 റിയാൽ, സെറോളജി ആന്റിബോഡി പരിശോധനയ്ക്ക് 50 റിയാൽ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സർക്കാർ നിശ്ചയിച്ചിരുന്ന ഏകീകൃത നിരക്ക് 300 റിയാൽ ആയിരുന്നെങ്കിലും മിക്ക സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും നിരക്കിൽ വീണ്ടും കുറവു വരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല