
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണോ എന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് അറുതിയായി. നിലവിലെ യാത്രാ നിയമങ്ങളില്‍ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇതോടെ ഖത്തറിലേക്കും യാത്രാ വിലക്കുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനായി കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി. ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഇഹ്തിറാസ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രാനുമതി ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള ഇമെയിലിനൊപ്പം 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന സന്ദേശം വന്നത്.
ഇത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടെന്ന നിലവിലെ യാത്രാ നയത്തിന് വിരുദ്ധമായിരുന്നു ഇത്. ആശയക്കുഴപ്പം ഉണ്ടായതോടെ സന്ദേശം ലഭിച്ച പലരുടെയും യാത്ര മുടങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇഹ്തിറാസ് ആപ്പിന്റെ ഹെല്‍പ് ലൈനില്‍ നിന്ന് ലഭിച്ച മറുപടിയും അവ്യക്തമായിരുന്നു.
ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്നും എന്നാല്‍ ആപ്പില്‍ നിന്നുള്ള ഇമെയില്‍ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കണം എന്നുമായിരുന്നു ഹെല്‍പ് ലൈനില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം. ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെങ്കില്‍ ഖത്തറിലെത്തിയ ശേഷം ഈ ആവശ്യത്തിന് മുന്‍കൂറായി അടച്ച തുക റീഫണ്ട് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യാന്‍ ലഭിച്ച ഇമെയില്‍ നിര്‍ദേശം ഇഹ്തിറാസ് ആപ്പിലുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണെന്ന് ദോഹ ഗൈഡ്സ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാന്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുന്നു 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യാനുള്ള ഇമെയില്‍ സന്ദേശം ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിരുന്നില്ല. ട്രാവല്‍ ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഇതോടെ ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വീണ്ടും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതായി വാര്‍ത്ത പരക്കുകയായിരുന്നു. ആദ്യത്തെ രണ്ടു ദിവസം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിച്ച കണ്‍ഫര്‍മേഷന്‍ ഇമെയിലില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയുള്ള സന്ദേശം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന ഇമെയിലുകളില്‍ അത് ഉണ്ടായിരുന്നില്ല. അതോടെ ഇന്ത്യന്‍ യാത്രക്കാരുടെ ആശയക്കുഴപ്പം മാറുകയായിരുന്നു.
നേരത്തേ യാത്ര രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തിയപ്പോള്‍ ലഭിച്ച ഇമെയിലിലും പഴയ വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതേസമയം, ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെങ്കിലും ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ താമസിക്കുന്നതിനുള്ള ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ നേരത്തേ നിലവിലുണ്ടെന്ന് ദോഹ ഗൈഡ്സ് വ്യക്തമാക്കി. അതോടൊപ്പം 5000 റിയാലോ അത്രയും തുക പിന്‍വലിക്കാന്‍ പറ്റുന്ന ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളോ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും നിര്‍ബന്ധമാണ്.
അതിനിടെ, ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നയത്തില്‍ ഖത്തര്‍ മാറ്റം വരുത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് ഇന്ത്യന്‍ എംബസിയും പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിസിറ്റ്, ഓണ്‍ അറൈവല്‍ വിസകളില്‍ രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ല. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സന്ദര്‍ശക വിസക്കാര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവുകള്‍ തുടരുമെന്ന് ഖത്തര്‍ ട്രാവല്‍ പ്രോട്ടോകോള്‍ വിഭാഗവും അറിയിച്ചു.
എന്നാല്‍, ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യാനുള്ള നിര്‍ദേശം പലര്‍ക്കും ലഭിച്ചതായി എംബസിയുടെ ട്വീറ്ററില്‍ തന്നെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരുന്നതായും എംബസി അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല