1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2023

സ്വന്തം ലേഖകൻ: ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കല്‍ നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സ് എടുക്കാതെ അതിനു ശേഷം വരുന്നവര്‍ക്ക് വിസിറ്റ് വീസ ലഭിക്കില്ല. എല്ലാ സന്ദര്‍ശകരും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമില്‍ പരിരക്ഷിക്കപ്പെടുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഖത്തറിലെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ നിയമം (22) അനുസരിച്ചാണിത്. പദ്ധതി സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്. 50 റിയാലാണ് പ്രതിമാസ പ്രീമിയം. ആദ്യമായി വീസ എടുക്കുമ്പോഴും ഖത്തറിലെത്തിയ ശേഷം അത് പുതുക്കുന്നതിനും വെവ്വേറെ ഫീസ് നല്‍കണം. അടിയന്തര, അപകട ക്ലെയിമുകള്‍ക്കു പുറമെ, അധിക സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോളിസികളും ലഭ്യമാണ്. അതിന് ഇന്‍ഷൂറന്‍സ് കമ്പനി നിശ്ചയിക്കുന്ന രീതിയില്‍ കൂടുതല്‍ പ്രീമിയം തുക നല്‍കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പൊതു ജനാരോഗ്യത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമായ ലിങ്കുകള്‍ വഴി സന്ദര്‍ശകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഏതെങ്കിലുമൊന്നിന്റെ പോളിസി തിരഞ്ഞെടുക്കാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സന്ദര്‍ശകര്‍ ഖത്തറിലേക്കുള്ള പ്രവേശന വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍, അവര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം. കാരണം ഇത് സന്ദര്‍ശക വീസ ലഭിക്കുന്നതിനുള്ള ഉപാധിയായി മാറും. സന്ദര്‍ശക വീസ നീട്ടുമ്പോഴും ഇതേ നടപടിക്രമം ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് കൈവശമുള്ള സന്ദര്‍ശകര്‍ക്ക്, ഇന്‍ഷുറന്‍സ് പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണമെന്നും അവര്‍ രാജ്യത്ത് താമസിക്കുന്ന സമയത്ത് സാധുതയുള്ളതും ഖത്തറില്‍ അംഗീകരിച്ച ഇന്‍ഷുറന്‍സ് കമ്പനികളിലൊന്ന് നല്‍കുന്നതും ആയിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ങഛജഒ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളുടെ ലിസ്റ്റിനും https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx എന്ന വെബ്സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.