1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് സ്റ്റേഡിയത്തിനകത്തും പുറത്തും ഇപ്പോഴത്തെ താരങ്ങള്‍ മെസ്സിയും നെയ്മറും റോണാള്‍ഡോയും മാത്രമല്ല, തോബും ഗുത്രയും ഇഗാലും കൂടിയാണ്. പരമ്പരാഗത അറബ് വേഷങ്ങളാണ് ളോഹയ്ക്ക് സമാനമായ തോബും ഗുത്രയെന്ന ശിരോവസ്ത്രവും അതിനു മുകളിലെ കറുപ്പ് വട്ടമായ ഇഗാലും. അറബികള്‍ മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള ഫുട്‌ബോള്‍ ആരാധകരും ഈ അറബ് പാരമ്പര്യ വസ്ത്രങ്ങളുടെ പിന്നാലെയാണ്.

സ്റ്റേഡിയങ്ങളില്‍ നിറയുന്ന കാണികളിലും കാഴ്ചകള്‍ കാണാനിറങ്ങുന്ന സന്ദര്‍ശകരിലും ഇവ ധരിക്കുന്നവരുടെ എണ്ണം ദിവസം കഴിയുന്തോറും കൂടിവരുന്നതായാണ് ഖത്തറില്‍ നിന്നുള്ള കാഴ്ചകള്‍ പറയുന്നത്. സെല്‍ഫികളായും ടിക്ടോക് വീഡിയോകളായും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നതും അറബ് വസ്ത്രധാരണത്തിലെ ഈ ട്രേഡ് മാര്‍ക്കുകളാണ്.

‘ലോകത്തിന്റെ ഈ ഭാഗം ഞങ്ങള്‍ക്ക് അത്ര പരിചിതമല്ല’- അറബ് വേഷം ധരിച്ച് ദോഹയിലെ കാഴ്ചകള്‍ കാണാനിറങ്ങിയ ബ്രസീല്‍ ആരാധകന്‍ ഫെലിപ് എസ്റ്റെവെസ് പറയുന്നു. ലോകകപ്പിന്റെ മനോഹര നിമിഷങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം അറബ് സംസ്‌ക്കാരത്തെ കൂടി തൊട്ടറിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞെത്തിയ സുഹൃത്ത് റോഡ്രിഗോ കമാറയ്ക്കും പറയാനുള്ളതും ഇതുതന്നെ.

ആദ്യമായി അറബ് ലോകത്തെത്തുന്ന ഫിഫ ലോകകപ്പ് മാമാങ്കത്തെ തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്താനുള്ള അവസരമായി പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലുമാണ് ഖത്തര്‍ സമൂഹം. ഖത്തറിലെ പ്രധാന പരമ്പരാഗത വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫിലും ദോഹയിലെ മെട്രോ സ്‌റ്റേഷനുകളിലും മിശൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലും വിമാനത്താവളങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രമായ കത്താറയിലുമെല്ലാം ഈ വസ്ത്രങ്ങളെല്ലാം വില്‍പ്പനയ്ക്കായി ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത് കാണാം.

ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ഓരോ രാജ്യത്തിന്റെയും കൊടിയുടെയും ജഴ്‌സിയുടെയും നിറങ്ങളില്‍ തോബും ഗുത്രയും ഇഗാലും ലഭ്യമാണ്. അറബ് വസ്ത്രങ്ങള്‍ അണിയുമ്പോള്‍ തങ്ങളെ എല്ലാവരും ശ്രദ്ധിക്കുന്നുവെന്ന് കമാറ പറയുന്നു. വിദേശികള്‍ അറബ് വേഷം ധരിച്ചു കാണുന്നത് അറബ് ലോകത്തുള്ളവര്‍ക്ക് ഏറെ ഇഷ്ടവുമാണ്. മിതമായ വിലയില്‍ എവിടെയും ലഭിക്കുന്ന ഈ വസ്ത്രങ്ങള്‍ വാങ്ങാത്ത വിദേശികള്‍ കുറവായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ലയീബും പരമ്പരാഗത ഖത്തരി- അറബ് വേഷമായ ഗുത്ര അണിഞ്ഞ് ഫുട്‌ബോളുമായി ശൃംഖരിക്കുന്ന രൂപമാണ്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന എല്ലാ രാജ്യങ്ങളും അവരുടെ പ്രാദേശിക സംസ്‌ക്കാരവും പാരമ്പര്യവും ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുക പതിവാണ്. കളി ആസ്വദിക്കാന്‍ ദോഹയിലെത്തിയ തങ്ങളാവട്ടെ, പ്രാദേശിക സംസ്‌ക്കാരവുമായി ഇഴുകിച്ചേരുന്നതിന്റെ ഭാഗമായി അവ പരമാവധി ഖത്തര്‍ നാളുകളുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയുമാണെന്ന് അര്‍ജന്റീന താരം യുവാന്‍ എസ്ട്രാഡ പറയുന്നു.

അതിനിടെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത നൃത്തവും പാട്ടുമായി സ്വദേശി വനിതകളുടെ അൽ നഹ്ദ ഗ്രൂപ്പ് ലോകകപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു. സ്റ്റേഡിയങ്ങളുടെ ചുറ്റും ആരാധകർക്കായി നടക്കുന്ന കലാ പ്രകടനങ്ങളിൽ അവതരണത്തിലും ശൈലിയിലും വേഷവിധാനത്തിലും വേറിട്ടു നിൽക്കുന്നവയിൽ സ്വദേശി വനിതകളുടെ അൽ നഹ്ദ ലേഡീസ് ഗ്രൂപ്പുമുണ്ട്. 24 പേരാണ് ഗ്രൂപ്പിലുള്ളത്. ഉദ്ഘാടന മത്സരം നടന്ന അൽഖോറിലെ അൽബെയ്ത് സ്‌റ്റേഡിയത്തിൽ ലോകകപ്പിനായി സംഘം ആദ്യ അവതരണം നടത്തി.

കൾചറൽ ആക്ടിവേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് 8 സ്‌റ്റേഡിയങ്ങൾക്കും ചുറ്റുമായി മത്സരദിനങ്ങളിൽ കലാപരിപാടികൾ നടക്കുന്നത്. അൽ ഖമാരി, അൽ സമ്രി, അൽ ദസ, വീറ്റ് ഗ്രൈൻഡിങ് തുടങ്ങി വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. ഖത്തറിന്റെ നാടോടിനൃത്തങ്ങളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് മിക്കതുമെന്ന് ഗ്രൂപ്പ് ലീഡൽ ലുൽവ അൽ മുഹന്നദി വ്യക്തമാക്കി. പാരമ്പര്യ ശൈലിയിലുള്ള വസ്ത്രമണിഞ്ഞാണ് അവതരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.