1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് കാണാന്‍ മത്സര ടിക്കറ്റ് ഇല്ലാത്തവര്‍ വിഷമിക്കേണ്ട. ഖത്തറിലേക്ക് വരാം. പ്രവേശനത്തിനു ഹയാ കാര്‍ഡ് മാത്രം മതി. https://haya.qatar2022.qa/ എന്ന ഹയ പോര്‍ട്ടല്‍ മുഖേന കാര്‍ഡിനായി അപേക്ഷ നല്‍കണം. ലോകകപ്പ് ടിക്കറ്റ് എടുക്കാത്തവര്‍ക്കും ഖത്തറിലെ ലോകകപ്പ് കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണിത്.

അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ പ്രവേശന അനുമതിയ്ക്ക് അപേക്ഷകന്റെ ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കും. ഖത്തറില്‍ എത്തുമ്പോള്‍ താമസിക്കാനുള്ള സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ്ങും നിര്‍ബന്ധമാണ്. ഒരാള്‍ക്ക് 500 റിയാലാണ് ഫീസ്. അതേസമയം, 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശന ഫീസില്ല. അക്കോമഡേഷന്‍ ബുക്കിങ്ങിനായി -https://www.qatar2022.qa/book/en/ എന്ന ലിങ്ക് ഉപയോഗിക്കാം.

അതേസമയം, ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിന്റെ ആദ്യ നാല് ദിവസങ്ങളില്‍, ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലുമായി യാത്ര ചെയ്തത് 25 ലക്ഷത്തിലേറെ പേര്‍. ലോകകപ്പ് സ്റ്റേഡിയങ്ങള്‍, ഫാന്‍ സോണുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൂറിസം സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നവംബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ 2,442,963 യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചതെന്ന് ഖത്തര്‍ റെയില്‍വേ കമ്പനിയായ ഖത്തര്‍ റെയില്‍ അറിയിച്ചു.

ദോഹ മെട്രോയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ച ദിവസങ്ങളായിരുന്നു ഇത്. മൂന്ന് ലൈനുകള്‍ വഴി വിവിധ ടെര്‍മിനലുകളിലേക്ക് 2,351,244 പേരാണ് കഴിഞ്ഞ നാലു ദിവസങ്ങളില്‍ യാത്ര ചെയ്തത്. ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാനട ദിവസമായ നവംബര്‍ 20 ന് 544,962 യാത്രക്കാരാണ് ദുബായ് മെട്രോയില്‍ യാത്ര ചെയ്തത്. വെസ്റ്റ് ബേ, സൂഖ് വാഖിഫ്, ഡിഇസിസി സ്റ്റേഷനുകള്‍ വഴിയായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്.

തൊട്ടടുത്ത ദിവസം മൊത്തം ഉപയോക്താക്കളുടെ എണ്ണം 529,904 യാത്രക്കാരിലെത്തി. രണ്ടാമത്തെ ദിവസവും സൂഖ് വാഖിഫ്, ഡിഇസിസി സ്റ്റേഷനുകള്‍ക്കു പുറമെ, മിശേറിബ് സ്റ്റേഷനിലുമായിരുന്നു ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ മെട്രോ വഴി യാത്ര ചെയ്തത്- 650,881 പേര്‍. ബുധനാഴ്ച യാത്രക്കാരുടെ എണ്ണം 625,497 ആയി. ഡിഇസിസി, സൂഖ് വാഖിഫ് സ്റ്റേഷനുകളില്‍ തന്നെയായിരുന്നു ഈ ദിവസങ്ങളിലും കൂടുതല്‍ യാത്രക്കാര്‍ എത്തിയത്.

ലുസൈല്‍ ട്രാമിനെ സംബന്ധിച്ചിടത്തോളം ആദ്യ ദിവസം 21906 യാത്രക്കാരും രണ്ടാം ദിവസം 21187 യാത്രക്കാരും മൂന്നാം ദിവസം 23291 യാത്രക്കാരും ബുധനാഴ്ച 25335 യാത്രക്കാരുമാണ് യാത്ര ചെയ്തതെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു. ലോകകപ്പിനെത്തുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്ക് മികച്ച യാത്രാ സൗകര്യമൊരുക്കുന്നതിനായി ചുവപ്പ്, പച്ച, സ്വര്‍ണ്ണ എന്നിങ്ങനെ മൂന്ന് ലൈനുകളിലും ട്രെയിനുകളുടെ എണ്ണം സര്‍വീസ് നടത്തുന്ന സമയവും വര്‍ധിപ്പിച്ചിരുന്നു.

അത്യാധുനിക റെയില്‍ ശൃംഖലയായ ദോഹ മെട്രോയുടെ ഭൂരിഭാഗവും തലസ്ഥാനമായ ദോഹയ്ക്കുള്ളിലെ പ്രധാന പ്രദേശങ്ങളെയും അതിന്റെ പരിസരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ ശൃംഖലയാണ്. അതേസമയം ലുസൈല്‍ ട്രാം പുതിയ ലുസൈല്‍ നഗരത്തിനുള്ളില്‍ സുഖകരവും സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്ന ഒരു ട്രാം ശൃംഖലയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.