1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി ഖത്തര്‍. ഫിഫ ടൂര്‍ണമെന്റിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്കാണ് ലോകകപ്പ് വേളയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുക. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലായിരിക്കും ചികില്‍സ ലഭിക്കുകയെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തുന്നവര്‍ക്ക് രാജ്യത്തെ ഏത് പൊതു, സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും ലബോറട്ടറികളിലും ഫാര്‍മസികളിലും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ള നാല് ആശുപത്രികളില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാത്രമായി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഷെയ്ഖ ആയിശ ബിന്‍ത് ഹമദ് അല്‍ അതിയ്യ ആശുപത്രി, അല്‍ വക്ര ആശുപത്രി, ഹമദ് ജനറല്‍ ആശുപത്രി, ഹസം മെബൈരീക് ജനറല്‍ ആശുപത്രി എന്നിവയാണ് ആരാധകര്‍ക്കായി മാത്രം മാറ്റിവെക്കുന്നത്.

അതേസമയം, സ്വകാര്യ മെഡിക്കല്‍ ആശുപത്രികളിലെ ചികില്‍സാ ചെലവുകള്‍ ലഭ്യമാക്കാന്‍ സന്ദര്‍ശകര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സകള്‍ സൗജന്യമായി ലഭിക്കൂ എന്ന് ലോകകപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത സ്‌പോര്‍ട്ട് ഫോര്‍ ഹെല്‍ത്ത് എന്ന വെബ്‌സൈറ്റിലെ ഫാന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോകകപ്പ് സമയത്തെ ആരോഗ്യ സേവനങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായാണ് മന്ത്രാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക മെഡിക്കല്‍ കെയര്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ മെഡിക്കല്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സേവനം രാപ്പകല്‍ ഭേദമില്ലാതെ ഏത് സമയത്തും ലഭ്യമായിരിക്കും. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഗുരുതരമല്ലാത്ത ശാരീരിക പ്രയാസങ്ങള്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ശക്തമായ പനി, തലവേദന, ചെറിയ രീതിയിലുള്ള തീപ്പൊള്ളല്‍, നിര്‍ജ്ജലീകരണം, തളര്‍ച്ച തുടങ്ങിയ ശാരീരിക പ്രയാസങ്ങളുള്ളവര്‍ക്ക് ഇവിടങ്ങളില്‍ നേരിട്ട് വന്ന് ചികിത്സ തേടാം.

കുട്ടികള്‍ക്ക് എല്ലാ ആശുപത്രികളിലും സ്‌പെഷ്യലൈസ്ഡ് ചികിത്സ ലഭിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍, സിദ്‌റ മെഡിസിന്‍ എന്നിവിടങ്ങളില്‍ ചികില്‍സ തേടുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്നും മന്ത്രാലയം അറിയിച്ചു. ഇവിടെ കുട്ടികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിനുള്ള പ്രത്യേകവും സവിശേഷവുമായ അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടെന്നതാണ് കാരണം.

ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ പ്രദേശം, കോര്‍ണിഷ്, അല്‍ ഖോര്‍ ഫാന്‍ സോണ്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ സോണ്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കായി പ്രത്യേക മെഡിക്കല്‍ സൗകര്യവും ലഭ്യമാണ്. ഇതിനു പുറമെ, ബര്‍വ മദീനത്തുനാ ഫാന്‍ വില്ലേജ്, ബറാഹത്ത് അല്‍ ജനൂബ് ഫാന്‍ വില്ലേജ്, ക്രൂയിസ് ഷിപ്പുകളില്‍ താമസിക്കുന്നവര്‍ക്കായി ദോഹ പോര്‍ട്ടല്‍ ഗ്രാന്റ് ടെര്‍മിനല്‍ എന്നിവിടങ്ങളിലും മുഴുസമയ ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.