1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവംബറിലെ പ്രവർത്തനസമയ പുനഃക്രമീകരിച്ചു. നവംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിലെ പ്രവർത്തനസമയത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തിയത്.

ഇക്കാലയളവിൽ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുക. അതേസമയം ലോകകപ്പിന് മുൻപും അതിനു ശേഷവും സ്വകാര്യ നഴ്സറികളിലെയും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലെയും ജീവനക്കാർ, വിദ്യാർഥികൾ, കുട്ടികൾ എന്നിവരുടെ പ്രവർത്തന സമയം സാധാരണപോലെ തന്നെ തുടരും.

ലോകകപ്പ് സമയത്ത് ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ജോലി സമയം രാവിലെ 7.00 മുതൽ 11.00 വരെ മാത്രം. അതേസമയം സ്വകാര്യ മേഖലയുടെ ജോലി സമയം സാധാരണ പോലെ തുടരും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണു പ്രഖ്യാപനം.

ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായാണു നവംബർ 1 മുതൽ ഡിസംബർ 19 വരെ സർക്കാർ മേഖലയിലെ ജോലി സമയത്തിൽ മാറ്റം വരുത്തിയത്. അതേസമയം, സുരക്ഷ, സൈന്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു സാധാരണ പോലെ ജോലി ചെയ്യാം.

ഫിഫ ലോകകപ്പിനിടെ ദോഹ മെട്രോയുടെ 110 ട്രെയിനുകൾ സർവീസ് നടത്തും. ദിവസേന 21 മണിക്കൂറും മെട്രോ കുതിക്കും. പ്രതിദിനം പ്രതീക്ഷിക്കുന്നത് 7,00,000 യാത്രക്കാരെ. ഖത്തർ റെയിലിന്റേതാണ് പ്രഖ്യാപനം. 10,000 ജീവനക്കാരാണ് സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കാൻ പ്രവർത്തിക്കുന്നതെന്ന് ഖത്തർ റെയിൽ സിഇഒയും നഗരസഭ മന്ത്രിയുമായ ഡോ.അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബെ വ്യക്തമാക്കി.

നിലവിലെ യാത്രക്കാരുടെ എണ്ണത്തേക്കാൾ 7 ഇരട്ടിയോളം പേർ ലോകകപ്പ് ദിനങ്ങളിൽ സഞ്ചരിക്കാനുണ്ടാവുമെന്നതിനാൽ വിപുലമായ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും സുരക്ഷിതമായ ജനക്കൂട്ട നിയന്ത്രണമാണ് ഉറപ്പാക്കുന്നത്. ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ‘മെട്രോ സ്‌റ്റേഷനുകളിലെ സുരക്ഷിതവും കാര്യക്ഷമവുമായ ജനക്കൂട്ട നിയന്ത്രണം’ എന്ന വിഷയത്തിൽ ഖത്തർ റെയിൽ സംഘടിപ്പിച്ച യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദമാക്കിയത്.

2019 മേയിലാണ് ദോഹ മെട്രോ പ്രവർത്തനം തുടങ്ങിയത്. ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ് തുടങ്ങി ഖത്തറിൽ നടന്ന ഒട്ടേറെ കായിക ടൂർണമെന്റുകളിൽ കാണികൾക്ക് സുരക്ഷിത യാത്ര ഒരുക്കിയ അനുഭവപരിചയവുമായാണ് ഖത്തർ റെയിൽ ലോകകപ്പിനായി തയാറെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.