1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2020

സ്വന്തം ലേഖകൻ: ഖത്തറിലെ പ്രമാദമായ യെമനി കൊലപാതക കേസിലെ 13 മലയാളികളെ ഖത്തര്‍ ക്രിമിനല്‍ കോടതി വെറുതേ വിട്ടു. ഈ കേസില്‍ നാലു മലയാളികള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരായ അനൂപ്, ഉസ്മാന്‍, ലിനിത്, നൗഷാദ്, റസാല്‍, നിഖില്‍, ഡിജില്‍, സാദിഖ്, ഷിഹാബ്, മുനീര്‍, ചെറിയ മുഹമ്മദ്, ലുക്മാന്‍, നിയാസ്, ജെയ്‌സീര്‍, ഫയാസ് എന്നിവരെയാണ് വെറുതേ വിട്ടത്.

മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ ഒന്നാം പ്രതി അഷ്ഫീര്‍ കെ, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി.ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. പ്രതിപട്ടികയിലുള്ള 27 പേരില്‍ പ്രധാന പ്രതികളായ മൂന്നു പേര്‍ നേരത്തെ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 12 പേര്‍ക്ക് ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ചേര്‍ന്ന് നിസാര്‍ കോച്ചേരിയാണ് സൗജന്യ നിയമസഹായം നല്‍കിയത്. കൊലപാതക വിവരം മറച്ചുവയ്ക്കല്‍, കളവ് മുതല്‍ കൈവശം വയ്ക്കല്‍, നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഐഡി കാര്‍ഡ് നല്‍കി സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 12 പേര്‍ക്കെതിരെ ചുമത്തിയിരുന്നത്.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. റംസാന്‍ മാസത്തിന്റെ 27-ാം ദിവസമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന യമനി സ്വദേശിയെ ഒന്നാം പ്രതി അഷ്ഫീറും കൂട്ടാളികളും ചേര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം മുറിയിലുണ്ടായിരുന്ന സ്വര്‍ണവും പണവുംഅപഹരിക്കുകയും മോഷ്ടിച്ച പണം പ്രതികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ നാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഫൈസലിന് അഞ്ചു വര്‍ഷം തടവ്, ഹാറിസിനു മൂന്ന് വര്‍ഷം തടവും 10,000 റിയാല്‍ പിഴയും ആണ് ശിക്ഷ. ആറുമാസം തടവും 3,000 റിയാല്‍ പിഴക്കും വിധിക്കപ്പെട്ടവര്‍ :യൂനസ്, യഹിയ, അബ്ദുറസാഖ്, മുരളി, ബസുകുമാര്‍, കുഞ്ഞുമുഹമ്മദ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.