1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2021

സ്വന്തം ലേഖകൻ: പുതിയ ഉയരം, പുതിയ ദൂരം, പുതിയ ശക്തി എന്നതിനൊപ്പം ‘ഒത്തൊരുമ’ എന്നൊരു ആശയം കൂടി ഇത്തവണ ഒളിമ്പിക്സ് തത്വത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒത്തൊരുമ എന്താണെന്ന് അക്ഷരാര്‍ഥത്തില്‍ കാട്ടിത്തരികയാണ് ഖത്തറിന്റേയും ഇറ്റലിയുടേയും രണ്ടു താരങ്ങള്‍. ഹൈജമ്പില്‍ മത്സരിച്ച ഖത്തറിന്റെ മുതാസ് ഈസ ബാര്‍ഷിമും ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയുമാണ് കായിക ലോകത്തിന്റെ കൈയ്യടിനേടിയവര്‍.

ഹൈജംമ്പ് ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ മുതാസ് ഈസ സ്വര്‍ണമെഡല്‍ പങ്കുവെക്കുന്നതിനെക്കുറിച്ച് ഒഫീഷ്യലിനോട് ചോദിക്കുകയായിരുന്നു. സമ്മതംമൂളിയ സംഘാടകര്‍ ഇരുവര്‍ക്കും സ്വര്‍ണം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇരുവരും 2.37 മീറ്റര്‍ ഉയരമാണ് ചാടിയത്. പിന്നീട് ഇരുവരും ഇതിന് മുകളിലേക്ക് ചാടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മുതാസ് ഈസ സ്വര്‍ണം പങ്കുവെക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.

തന്റെ അവസാന അവസരം വിനിയോഗിക്കാതെയായിരുന്നു ബാര്‍ഷിം ഇക്കാര്യം പറഞ്ഞത് എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ഹൈജംമ്പില്‍ ലോകത്തെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് ഇരുവരും. പോരാട്ടം കളിക്കളത്തിലാണെങ്കിലും തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണെന്ന് മെഡല്‍ നേടിയശേഷം മുതാസ് പറഞ്ഞു. സ്വര്‍ണമെഡലിനായുള്ള കാത്തിരിപ്പ് ഇതോടെ അവസാനിക്കുകയാണ്. ഇത് സ്വപ്‌നസാക്ഷാത്കാരം കൂടിയാണ്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്ന സന്ദേശമാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഖത്തര്‍ താരം പറഞ്ഞു.

2016ലെ ഒളിമ്പിക്‌സ് മത്സരത്തിനിടെ പരിക്കുപറ്റിയ താരമാണ് ജിയാന്മാര്‍കോ തമ്പേരി. അന്ന് നിരാശയോടെ മടങ്ങേണ്ടിവന്നു. ഇത്തവണ അത് സ്വര്‍ണനേട്ടത്തിലെത്തിയിരിക്കുകയാണ്. അവിശ്വസനീയമാണ് ഇതെന്നും തമ്പേരി പറയുന്നു. 2012 ഒളിമ്പിക്‌സില്‍ വെങ്കലവും റിയോയില്‍ വെള്ളിയും നേടിയ താരമാണ് മുതാസ് ബൂര്‍ഷിം. ഇത്തവണ സ്വര്‍ണനേട്ടം പങ്കുവെക്കാനായതിന്റെ സന്തോഷത്തിലാണ് ബാര്‍ഷിമും തമ്പേരിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.