
സ്വന്തം ലേഖകൻ: ഫിലിപ് രാജകുമാരന് ബ്രിട്ടൻ ഇന്ന് അന്തിമോപചാരം അർപ്പിക്കും; സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 3 മണി മുതൽ വിൻഡ്സർ കാസിലിൽ. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിലാണ് ചടങ്ങുകൾ നടക്കുക. ഡ്യൂക്ക് ഓഫ് എഡിൻബറോയോടുള്ള ആദരസൂചകമായി രാജ്യം മുഴുവൻ ഒരു മിനിറ്റ് മൗനമാചരിക്കും.
ഫിലിപ് രാജകുമാരന്റെ രാജ്ഞിയോടുള്ള അചഞ്ചലമായ വിശ്വസ്തത, ധൈര്യം, വിശ്വാസം എന്നിവയും സംസ്കാര ചടങ്ങുകളിൽ പ്രത്യേകം പരാമർശിപ്പപ്പെടും. പ്രഭാഷണങ്ങൾ ഇല്ലെങ്കിലും എഡിൻബർഗ് ഡ്യൂക്കിന്റെ അഭ്യർത്ഥന പ്രകാരം സംസ്കാര ചടങ്ങുകൾ വളരെ മതപരമായ ഒന്നായിരിക്കുമെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളായ മുപ്പതുപേർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കുക. പ്രധാനമന്ത്രി ബോറിസ് ജോൺസണും മന്ത്രിസഭാംഗങ്ങളും ടെലിവിഷനിലൂടെയാകും ചടങ്ങുകൾ വീക്ഷിക്കുക. ഒരു മിനിറ്റ് ദേശീയ മൗനാചരണത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുക.
അടുത്തുള്ള ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ആറ് മിനിറ്റ് നേരത്തേക്ക് വിമാനങ്ങള്‍ പറക്കാനോ, ലാന്‍ഡ് ചെയ്യാനോ അനുവദിക്കില്ല. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഫിലിപ് രാജകുമാരൻ രാജ്യത്തിന് നല്‍കിയ സേവനത്തെ കുറിച്ച് ചടങ്ങിൽ സംസാരിക്കും.
ഫിലിപ് രാജകുമാരന്റെ മൃതശരീരം വഹിച്ചുള്ള ശവമഞ്ചം ഫിലിപ് രാജകുമാരൻ തന്നെ ഡിസൈൻ ചെയ്ത ലാൻഡ്‌റോവറിൽ വിന്‍ഡ്‌സര്‍ കാസിലില്‍ നിന്നും സെന്റ് ജോര്‍ജ്ജ് ചാപ്പലിലേക്ക് അവസാന യാത്ര നടത്തുന്നതോടെ രാജ്ഞിയും, രാജകുടുംബവും, രാജ്യവും അദ്ദേഹത്തിന് വിട നല്‍കും. സ്വകാര്യമായ ചടങ്ങിലാണ് രാജ്ഞി പ്രിയതമന് അന്ത്യ യാത്രാമൊഴിയേകുക.
73 വര്‍ഷക്കാലം ഒപ്പം കഴിഞ്ഞ ഭര്‍ത്താവിന്റെ വിയോഗം 94-ാം വയസ്സിലും സംയമനത്തോടെ ഏറ്റുവാങ്ങുന്ന രാജ്ഞിയെയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി രാജ്യം കണ്ടത്. സംസ്കാര ചടങ്ങുകൾക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോൾ ഭര്‍ത്താവിനൊപ്പം ചെലവഴിച്ച മനോഹര നിമിഷങ്ങളില്‍ ഒന്നിന്റെ ചിത്രം രാജ്ഞി പങ്കു വച്ചത് കൊട്ടാരം പുറത്ത് വിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല