1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2022

സ്വന്തം ലേഖകൻ: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരം അർപ്പിക്കാൻ പതിനായിരങ്ങൾ കാത്തുനിൽക്കുന്നു. 16 മണിക്കൂർ വരെ കാത്തുനിന്നവർക്കാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ മൃതദേഹത്തിന് അരികിലേക്ക് എത്താൻ കഴിയുന്നത്. ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം 13 മണിക്കൂർ വരി നിന്നാണ് രാജ്ഞിക്ക് ആദരം അർപ്പിച്ചത്. നാളെയാണു സംസ്കാരച്ചടങ്ങുകൾ.

ദിവസം മുഴുവനും കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ, യാത്ര ഒഴിവാക്കാൻ സർക്കാർ അഭ്യർഥിച്ചിരുന്നുവെങ്കിലും ജനപ്രവാഹം തുടരുകയാണ്. വെള്ളിയാഴ്ച രാത്രി ചാൾസ് രാജാവും മൂന്നു സഹോദരങ്ങളും രാജ്ഞിയുടെ മൃതദേഹത്തിനരികെ മൗനമായി നിന്നു. ഇന്നലെ വില്യവും ഹാരിയും അടക്കം രാജ്ഞിയുടെ 8 കൊച്ചുമക്കളും സന്നിഹിതരായിരുന്നു.

നാളെ അന്ത്യയാത്രയ്ക്ക് അകമ്പടി പോകുന്ന നൂറുകണക്കിനു ബ്രിട്ടിഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങൾ ഇന്നലെ പൂർണ റിഹേഴ്സൽ നടത്തി. വിൻഡ്സർ കൊട്ടാരത്തിലേക്കു നീളുന്ന ‘ദ് ലോങ് വോക്’ നിരത്തിലാണു പരിശീലനം നടത്തിയത്.

നൂറിലേറെ രാഷ്ട്രത്തലവന്മാർ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണു സംസ്കാരച്ചടങ്ങുകൾ. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിൻഡ്സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വർഷം മരിച്ച ഭർത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം.

സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ യാത്രതിരിച്ചു. ജപ്പാൻ ചക്രവർത്തി നാറുഹിതോ, ചക്രവർത്തിനി മസാകോ, ചൈന വൈസ് പ്രസിഡന്റ് വാങ് ചിഷാൻ എന്നിവരും ലണ്ടനിലേക്കു തിരിച്ചു. അതിനിടെ, രാജ്ഞിയുടെ മൃതദേഹത്തിന് അരികെ ബഹളമുണ്ടാക്കിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

രാഷ്‌ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്താനുമാണ് അവർ ലണ്ടനിലെത്തിയത്. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുൾപ്പടെയുള്ള സംഘം രാഷ്‌ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സ്വീകരിച്ചു

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ എന്നിവരും സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കും. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി ലണ്ടൻ സന്ദർശിക്കുന്ന എല്ലാ രാഷ്‌ട്രത്തലവൻമാരും തിങ്കളാഴ്ചത്തെ സംസ്‌കാരച്ചടങ്ങുകൾക്ക് മുന്നോടിയായി വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിയശേഷം ലങ്കാസ്റ്റർ ഹൗസിൽ അനുശോചന പുസ്തകത്തിൽ ഒപ്പുവയ്‌ക്കും.

അതേസമയം വെസ്റ്റ്മിനിസ്റ്റർ ഹാളിലെ ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിനിധികളെ അനുവദിക്കില്ല.ഔദ്യോഗിക അതിഥി പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പങ്കെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. റഷ്യ, ബെലാറസ്, അഫ്ഗാനിസ്താൻ, മ്യാൻമർ, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങൾ ഈ പട്ടികയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.