1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം ലണ്ടനില്‍ വംശീയ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറു മാസക്കാലം ലണ്ടന്‍ ട്യൂബില്‍ 468 വംശീയ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നല്ലൊരു പങ്കും മതപരമായ അധിക്ഷേപങ്ങളോ അക്രമങ്ങളോ ആയിരുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു മുമ്പുള്ള ആറു മാസം കേവലം 297 അക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്.

ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബില്‍ മാത്രം വംശീയ അക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 57 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ കാണിക്കുന്നു. വംശീയ അതിക്രമങ്ങളുടെ നിരക്കില്‍ എല്ലാ വര്‍ഷവും നേരിയ വര്‍ധനവ് രേഖപ്പെടുത്താറുണ്ടെങ്കിലും ഇത്തരത്തില്‍ കുത്തനെ ഉയരുന്നത് ബ്രെക്‌സിറ്റിനു ശേഷമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യൂറോപ്പിലെങ്ങും ശക്തി പ്രാപിച്ച തീവ്ര വലതുപക്ഷ, ദേശീയവാദി കക്ഷികളുടെ പ്രചാരമാണ് വംശീയ അക്രമങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നാണ് സൂചന. ആക്രമണങ്ങള്‍ തടയാനും അക്രമികളെ കണ്ടെത്തി ശിക്ഷിക്കാനും പൊലീസ് കര്‍ശന നടപടികളുമായി രംഗത്തുണ്ടെങ്കിലും മുസ്!!ലിം സ്ത്രീയുടെ പര്‍ദ വലിച്ചു കീറുന്നത് ഉള്‍പ്പെടെയുള്ള അക്രമ സംഭവങ്ങള്‍ ഇതിനിടെ അരങ്ങേറുന്നുണ്ട്.

2014ല്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിനു ലഭിച്ച വംശീയാതിക്രമ പരാതികള്‍ 485 ആയിരുന്നെങ്കില്‍ 2015 ല്‍ ഇത് 580 ആയി ഉയര്‍ന്നു. 2016 ലും 2017 ലും ഇത് കുത്തനെ ഉയര്‍ന്നതായാണ് സൂചന. അതിക്രമങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ നഗരത്തില്‍ വംശീയാതിക്രമങ്ങളും ആക്ഷേപവും നേരിടുന്നവര്‍ക്ക് പരാതിപ്പെടാന്‍ മെട്രോപൊളിറ്റന്‍ പൊലീസ് 61016 എന്ന പ്രത്യേക ഹെല്‍പ് ലൈന്‍ ആരംഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.