1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2020

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.ഡി.പി കണക്കുകള്‍ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസ പദ്ധതികള്‍ അനിവാര്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സമീപനം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ധനപരമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് തകര്‍ന്നടിയുമെന്ന സൂചനയും അദ്ദേഹം നല്‍കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.

1996മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

2019- 20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020 – 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തു വിട്ടത്.

കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് കണക്കുകള്‍ അടയാളപ്പെടുത്തുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജി.ഡി.പി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.