1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2024

സ്വന്തം ലേഖകൻ: സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ‌‌അബ്ദുൽ റഹീമിന്‍റെ മോചനത്തിന് ദയാധനം ഇന്ത്യൻ എംബസി വഴി സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെ പ്രത്യേകം അക്കൗണ്ടുണ്ടാക്കി കൈമാറും. ആവശ്യപ്പെട്ട ദയാധനം ഔദ്യോഗികമായി കൈമാറിയാൽ മോചനത്തിന് പിന്നീട് തടസങ്ങളില്ലെന്ന് റഹീം സഹായ സമതിക്ക് നേതൃത്വം നൽകുന്ന അഷ്റഫ് വേങ്ങാട്ട് അറിയിച്ചു.

ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപപ്പെടുത്തിയ ആപ്പ് വഴി 34 കോടി രൂപയാണ് പിരിച്ചെടുത്തത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇനിയും തുക ലഭിക്കാനുണ്ട്. എല്ലാം ഓഡിറ്റ് ചെയ്യുന്നതിനും റഹീമിന്‍റെ മോചനത്തിന് ആവശ്യമായ തുക മാത്രം സ്വരൂപിച്ചാൽ മതിയെന്നുമുള്ള കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് ആപ്പിന്‍റെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചത്. ഓഡിറ്റ് ചെയ്തതിന് ശേഷം ഇനിയും തുക ആവശ്യമുണ്ടെങ്കിൽ മാത്രമേ ആപ്പ് വഴി വീണ്ടും സംഭാവന സ്വീകരിക്കൽ തുടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനുവേണ്ടി പണം സമാഹരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച് കോഴിക്കോട് കോടമ്പുഴ സ്വദേശി എം.പി. അബ്ദുള്‍ റഹീമിന്റെ മാതാവ്. ഇനി തന്റെ മകനെ കണ്ടിട്ടുള്ള സന്തോഷം വരട്ടേയെന്നും അവര്‍ പ്രതികരിച്ചു.

‘സഹായിച്ച എല്ലാവര്‍ക്കും നന്ദി. മകന്‍ എത്രയും പെട്ടെന്ന് വരട്ടെ. എവിടെനിന്നാണ് പൈസ കിട്ടുക എന്ന് വിചാരിച്ച് വിഷമമുണ്ടായിരുന്നു. ഇന്നാണ് വിഷമം തീര്‍ന്നത്. ഇനി എന്റെ കുട്ടിയെ കണ്ടിട്ടുള്ള സന്തോഷം വരട്ടെ’, അബ്ദുള്‍ റഹീമിന്റെ മാതാവ് പറഞ്ഞു.

അതേസമയം, വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസിക്ക് പണം കൈമാറാനുള്ള ശ്രമമാണ് ഇനി നടത്തേണ്ടതെന്ന് ദയാധന സമാഹരണ കമ്മിറ്റി അറിയിച്ചു. ഏപ്രില്‍ 16-നകം പണം മരിച്ച കുട്ടിയുടെ കുടുംബത്തിന് കൈമാറണം. സര്‍ക്കാരുകള്‍ തമ്മിലുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളതെന്നും കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.