1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2019

സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്; അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് രാഹുല്‍; അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും പ്രഖ്യാപനം. കൊച്ചിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. രാഹുലിന്റെ സാന്നിധ്യം മറൈന്‍ ഡ്രൈവിലെത്തിയ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തിയത്. പ്രവര്‍ത്തകരുടെ കയ്യടി വാങ്ങിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗം നടത്തിയത്. നരേന്ദ്ര മോദിക്കും പിണറായി വിജയനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചു.

നാലരവര്‍ഷം മോദി കര്‍ഷകരെ ഉപദ്രവിച്ചു. രാജ്യത്തെ വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. സമ്പന്നര്‍ക്കുവേണ്ടി മാത്രമുള്ള ഒരു ഇന്ത്യയും പാവപ്പെട്ടവര്‍ക്കുവേണ്ടി മറ്റൊരു ഇന്ത്യയും നിര്‍മ്മിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. 3.5 ലക്ഷം കോടി 15 സമ്പന്നര്‍ക്ക് വീതിച്ചു നല്‍കി. എന്നാല്‍ ഒരു രൂപയുടെ കര്‍ഷക വായ്പ പോലും എഴുതി തള്ളിയില്ല. 15 സമ്പന്ന ബിസിനസുകാരായ സുഹൃത്തുക്കള്‍ക്കാണ് മോദി മിനിമം വേതനം ഉറപ്പാക്കിയത്.

തൊഴിലുറപ്പ് ഭക്ഷ്യസുരക്ഷ പദ്ധതികളില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് പുരോഗതി കൊണ്ടുവരും. ചിലവു കുറഞ്ഞ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് ഉറപ്പാക്കും. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വേതനം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം രാഹുല്‍ ഗാന്ധി കൊച്ചിയിലും ആവര്‍ത്തിച്ചു.

നരേന്ദ്രമോദിയെ രക്ഷിക്കാനാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. മോദിയും അമിത് ഷായും കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ജി.എസ്.ടി തുടക്കം മുതലേ വന്‍ പരാജയമാണ്. അധികാരത്തിലെത്തിയാല്‍ നിലവിലെ ജി.എസ്.ടിയെ രാജ്യത്തിന്റെ പുരോഗതിക്ക് അനുസൃതമായി മാറ്റും. കൊടിയ പ്രളയം അനുഭവിച്ച കേരളത്തിന് പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്രം ചെയ്തതെന്നും രാഹുല്‍ ചോദിച്ചു.

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണ്. പ്രളയത്തെ മലയാളികള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു. പ്രളയത്തെ അതിജീവിച്ച കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. കേരളത്തില്‍ സി.പി.എമ്മിനേയും കേന്ദ്രത്തില്‍ ബി.ജെ.പിയേയും തോല്‍പ്പിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കൂടുതല്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കും. 2019ല്‍ അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി കുറച്ചുകൂടി വനിതാ നേതാക്കള്‍ വേദിയില്‍ വേണമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.