1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2019

സ്വന്തം ലേഖകന്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അദ്ദേഹത്തിന്റെ രാജിയാവശ്യം തള്ളിയെങ്കിലും രാഹുല്‍ഗാന്ധി ഈ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ് സൂചന.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെ സന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി വേണുഗോപാലിനോടും രാഹുല്‍ ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് പോകില്ല. മറിച്ച് ഉചിതനായ ഒരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്താനുള്ള സമയം പാര്‍ട്ടിക്ക് രാഹുല്‍ നല്‍കിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ എം.പി.മാരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും മറ്റുയോഗങ്ങളും രാഹുല്‍ റദ്ദാക്കി.

രാഹുലിന്റെ തീരുമാനത്തില്‍ ആദ്യം എതിര്‍പ്പറിയിച്ച സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇപ്പോള്‍ രാഹുലിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ഗാന്ധിക്ക് പകരം പ്രിയങ്കാഗാന്ധിയുടെ പേര് നിര്‍ദേശിച്ചെങ്കിലും രാഹുല്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷനായി ഗാന്ധി കുടുംബത്തില്‍പ്പെട്ടവര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

എന്തായാലും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ മാത്രമേ രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരുകയുള്ളൂവെന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. എന്നാല്‍ രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന വാര്‍ത്തകള്‍ എഐസിസി നിഷേധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.