1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2017

സ്വന്തം ലേഖകന്‍: മുംബൈയില്‍ 12 വര്‍ഷത്തിനിടെ ശക്തമായ മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ നഗരം, വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ശനിയാഴ രാവിലെ തുടങ്ങിയ മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പോലീസും കാലാസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2005ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്യുന്നതെന്നാണ് കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നത്. ജീവനക്കാരെ നേരത്തെ പോവാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് വൈകിട്ട് ശക്തമായ വേലിയേറ്റമുണ്ടായേക്കും എന്നാണ് വിദഗ്ദ്ധര്‍ ന്ല്‍കുന്ന മുന്നറിയിപ്പ്. 3.5 മീറ്റര്‍ ഉയരത്തില്‍ വരെ വേലിയേറ്റമുണ്ടാക്കും എന്നും പൊതുജനങ്ങള്‍ കടല്‍ തീരത്തേക്ക് വരാതെ ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കനത്ത പേമാരിയില്‍ നഗരം പൂര്‍ണായും നിശ്ചലമായ അവസ്ഥയിലാണ്. റോഡ്, റെയില്‍, വ്യോമ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

കടല്‍തീരത്തോട് ചേര്‍ന്നുള്ള റോഡുകളില്‍ കിലോമീറ്റുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണതും റോഡ് ഗതാഗതത്തെ ബാധിച്ചു. നഗരത്തിന്റെ ജീവനാഡിയായ ലോക്കല്‍ ട്രെയിനുകളുടെ സഞ്ചാരവും മഴയെതുടര്‍ന്ന് തടസ്സപ്പെട്ടിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും മഴയെ തുടര്‍ന്ന് താറുമാറായി.

ശക്തമായ മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു. ദാദര്‍, മാട്ടുംഗ, ചെമ്പൂര്‍ തുടങ്ങിയ പ്രധാന നഗര ഭാഗങ്ങളെല്ലാം ഇപ്പോള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത നിവാരണസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും 100 നമ്പറില്‍ വിളിക്കാനാണ് മുംബൈ പൊലീസ് നിര്‍ദ്ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.