സ്വന്തം ലേഖകന്‍: ‘തമിഴ്‌നാടിന് ഒരു നേതാവിനെ വേണം, നിങ്ങള്‍ ജോലി ശരിയായി ചെയ്യാത്തതു കൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്,’ രാഷ്ട്രീയക്കാരെ വെല്ലുവിളിച്ച് രജിനികാന്തിന്റെ തീപ്പൊരി പ്രസംഗം. ‘ഒരു പാര്‍ട്ടിയും എന്റെ രാഷ്ട്രീയ പ്രവേശനം ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. എന്തിനാണു നിങ്ങള്‍ എന്നെയും മറ്റുള്ളവരെയും ഭയക്കുന്നത്? ഇപ്പോഴുള്ള സര്‍ക്കാരും മറ്റു രാഷ്ട്രീയക്കാരും എന്നോടു ചോദിക്കുന്നു, എന്തിനാണു സിനിമ വിട്ടു രാഷ്ട്രീയത്തിലേക്കു വരുന്നതെന്ന്! എനിക്ക് 67 വയസ്സായി. എന്നിട്ടും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തോന്നിയെങ്കില്‍ അതു നിങ്ങള്‍ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതു കൊണ്ടാണ്,’ ഡോ. എംജിആര്‍ എജ്യുക്കേഷനല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ രജനീകാന്ത് വ്യക്തമാക്കി.
ഡിസംബറില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണു പൊതുവേദിയില്‍ രജനീകാന്ത് പ്രസംഗിക്കുന്നത്. എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു ആരാധകരെ ആവേശം കൊള്ളിച്ച പ്രസംഗം. ‘ജയലളിത നമ്മെ വിട്ടു പോയിരിക്കുന്നു. കരുണാനിധി ശാരീരികമായി അവശതയിലാണ്. തമിഴ്‌നാടിന് ഒരു നേതാവിനെ വേണം. ആ ഒഴിവു നികത്താനാണ് എന്റെ വരവ്. എവിടെയെല്ലാം തെറ്റു നടക്കുന്നുണ്ടെന്ന് എനിക്കു കൃത്യമായറിയാം. ദൈവം എന്റെയൊപ്പമുണ്ട്,’ സൂപ്പര്‍താരം പറഞ്ഞു.
‘എം.കരുണാനിധി, ജി.കെ.മൂപ്പനാര്‍ തുടങ്ങിയവരുമായി നല്ല ബന്ധമാണ്. അവരില്‍ നിന്നെല്ലാം രാഷ്ട്രീയത്തെപ്പറ്റി ഏറെ പഠിച്ചു. ജീവിതത്തില്‍ ഞാന്‍ സന്തോഷത്തോടെയിരിക്കാന്‍ കാരണക്കാരില്‍ ഒരാള്‍ എംജിആര്‍ ആണ്. എന്റെ വിവാഹത്തില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ഇടപെടലുണ്ട്. പല നിര്‍ണായക ഘട്ടങ്ങളിലും സഹായിക്കാനെത്തി. രാഷ്ട്രീയത്തിലെ യാത്ര അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. കല്ലും മുള്ളും വിഷപ്പാമ്പുകളും നിറഞ്ഞ വഴിയിലൂടെയായിരിക്കും യാത്ര. പക്ഷേ എംജിആര്‍ ജനങ്ങള്‍ക്കു സമ്മാനിച്ച അതേ ഭരണം നല്‍കാന്‍ എനിക്കാകും. അക്കാര്യത്തില്‍ എനിക്കുറപ്പുണ്ട്,’ രജനി പറഞ്ഞു.
സര്‍വരേയും സമഭാവനയോടെ കാണുമെന്നും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജനിയുടെ ചിത്രവുമായി വമ്പന്‍ ബാനറുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സര്‍വകലാശാലയിലേക്കുള്ള ഹൈവേയുടെ ഇരുവശങ്ങളിലും ഉയര്‍ത്തിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ വിമര്‍ശനത്തിനുള്ള മറുപടിയും അദ്ദേഹം നല്‍കി– ‘എന്റെ ആരാധകരായിരിക്കാം ബാനറുകള്‍ ഉയര്‍ത്തിയത്. പക്ഷേ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്നു ഹൈക്കോടതി നിര്‍ദേശമുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് എല്ലാ ആരോധകരോടും അഭ്യര്‍ഥിക്കുകയാണ്.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല