1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2020

സ്വന്തം ലേഖകൻ: ലോകത്ത് ഒരുശക്തിക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാന്‍ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കില്‍ സുരക്ഷാ പരിശോധനയ്ക്കും സജ്ജീകരണങ്ങളുമായി എത്തിയപ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എത്രത്തോളം പരിഹരിക്കാനാകുമെന്ന് ഉറപ്പു നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

“അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുളള നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏതുവരെ അത് പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പു നല്‍കാനാവില്ല. എന്നാല്‍ നമ്മുടെ രാജ്യത്തിലെ ഒരിഞ്ചുഭൂമി പോലും ലോകത്തിലെ ഒരു ശക്തിക്കും കയ്യേറാനാകില്ലെന്ന് എനിക്ക് ഉറപ്പു നല്‍കാനാകും. തുടര്‍ച്ചയായ സംഭാഷണങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ അതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല,” രാജ്‌നാഥ് സിങ് പറഞ്ഞു.

“ലോകത്തിന് സമാധാനമെന്ന സന്ദേശം നല്‍കിയ ലോകത്തെ ഏകരാജ്യമാണ് ഇന്ത്യ. നാം ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. മറ്റൊരു രാജ്യത്തിന്റെ മണ്ണിലും അവകാശവാദം ഉന്നയിച്ചിട്ടില്ല. ലോകം ഒരു കുടുംബമാണെന്ന സന്ദേശത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ സൈന്യത്തില്‍ നാം അഭിമാനിക്കുന്നു.

നമ്മുടെ ജവാന്മാര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. നമ്മുടെ സൈനികര്‍ രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു. 130 കോടി ഇന്ത്യന്‍ ജനതയും അവരുടെ നഷ്ടത്തില്‍ ദുഃഖിതരാണ്. ഇന്ന് നാം ലഡാക്കില്‍ നില്‍ക്കുമ്പോള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് കൂടി ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്,” രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍നിന്നുള്ള ഇരുസേനകളുടെയും പിന്‍മാറ്റത്തിന് ശേഷമാണ് പ്രതിരോധമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം.ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ജൂലായ് മൂന്നിന് രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ലേയിലെത്തിയ പ്രതിരോധ മന്ത്രി സൈനികാഭ്യാസത്തിന് സാക്ഷ്യം വഹിച്ചിരുന്നു. സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി എംഎം.നരവണെ എന്നിവരും മന്ത്രിയുടെ സംഘത്തിലുണ്ട്.

ഗല്‍വാനിലെ പ്രശ്‌നങ്ങള്‍ തുടര്‍ന്ന് പ്രതിരോധ മന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനികരുടെ തയ്യാറെടുപ്പുകളും പ്രതിരോധ മന്ത്രി വിലയിരുത്തി. സൈനികര്‍ എങ്ങനെയാണ് വിമാനത്തില്‍ നിന്നും പാരച്യൂട്ടിലൂടെ താഴെ വരുന്നത് എന്നതും, ആയുധങ്ങള്‍ ദുര്‍ഘടമായ മലനിരകളില്‍ എങ്ങനെയാണ് എത്തിക്കുന്നത് എന്നതിന്റെയും പരിശീലനങ്ങളും സൈനിക പ്രദര്‍ശനങ്ങളും പ്രതിരോധ മന്തിരി നേരിട്ട് കണ്ടു. സൈന്യത്തിന്റെ ടി-90 ടാങ്കുകളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.