1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2017

സ്വന്തം ലേഖകന്‍: ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപിയുടെ രാഷ്ട്രീയ കരുനീക്കം, ഇടഞ്ഞ് സഖ്യകക്ഷികളും പ്രതിപക്ഷവും. ബീഹാര്‍ ഗവര്‍ണ്ണറും ബിജെപിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയാണ് രാംനാഥ് കോവിന്ദ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബീഹാര്‍ ഗവര്‍ണ്ണറാണ് ഇദ്ദേഹം. ജൂണ്‍ 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ച കോവിന്ദ് കാണ്‍പുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി ബിരുദങ്ങളെടുത്തു. 1994 ലും 2000 ലും ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലെത്തി. അഭിഭാഷകനായിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു.

സുമിത്ര മഹാജന്‍,സുഷമ സ്വരാജ്, ദ്രൗപതി മുര്‍മു എന്നിവരുടെ പേരുകളായിരുന്നു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ആദ്യം ഉയര്‍ന്നു കേട്ടത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് തരതമ്യേന അപ്രശസ്തനായ കോവിന്ദിന്റെ പേര് ബിജെപി നേതൃത്വം പുറത്തുവിട്ടത്. ഒരു ദളിത് നേതാവിനെ മുന്നോട്ടുവെയ്ക്കുക വഴി പ്രതിപക്ഷത്തെ ഉലയ്ക്കാനാവുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം. പ്രഖ്യാപനം കഴിഞ്ഞ ശേഷമാണ് രാംനാഥ് കോവിന്ദിന്റെ പേര് അറിയിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആര്‍എസ്എസ് അജണ്ടയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഗാന്ധിജിയുടെ പേരക്കിടാവ് ഗോപാല്‍കൃഷ്ണ ഗാന്ധിയായിരിക്കും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഘടകകക്ഷികളോട് ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് പിന്നീട് അറിയിക്കുമെന്നും ശിവസേന വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. സുഷമ സ്വരാജിനെ മത്സരിപ്പിച്ചാല്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് മമത അറിയിച്ചിരുന്നു. എന്നാല്‍ ദളിത് കാര്‍ഡ് ഇറക്കി 2019 ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ദളിത് വോട്ടുകള്‍ തൂത്തുവാരാനും ബിജെപി കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഉന്നംവെക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.