1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2023

സ്വന്തം ലേഖകൻ: പ്രവാസിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഖത്തര്‍ അധികൃതര്‍. ഔഖാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് വരുന്ന റമദാന്‍ മാസത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ഭക്ഷണ കിറ്റുകള്‍ നല്‍കുന്നതിനായി ‘ഗിവിങ് ബാസ്‌ക്കറ്റ്’ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

ഭക്ഷണ കിറ്റില്‍ വിശുദ്ധ റമദാന്‍ മാസത്തിലെലേക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തും. ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് കിറ്റ് തയ്യാറാക്കുക. റമദാനില്‍ ഇഫ്ത്താര്‍ വിഭവങ്ങളും അത്താഴവും ഉള്‍പ്പെടെ ഒരുക്കുന്നതിന് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 2022ലെ വിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തറിലെ നിര്‍ധനരായ 4,329 കുടുംബങ്ങള്‍ക്ക് ഗിവിങ് ബാസ്‌ക്ക്റ്റ് കാമ്പയിനിലൂടെ പ്രയോജനം ലഭിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായി നാലാം വര്‍ഷവും ഹിഫ്‌സ് അല്‍ നെയ്മ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ സംരംഭം മന്ത്രാലയം നടപ്പിലാക്കുന്നത്.

കോവിഡ് രൂക്ഷമായ കാലത്ത് റമദാന്‍ വേളയില്‍ പ്രവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്താണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്‍റ് ഹിഫ്സ് അല്‍ നെയ്മ സെന്ററുമായി സഹകരിച്ച് നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഭക്ഷണ കൊട്ടകള്‍ എത്തിക്കുന്നതിനായി പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍ താനി പറഞ്ഞു.

ഈ പദ്ധതി അതിന് ശേഷമുള്ള റമദാനുകളില്‍ തുടരുകയായിരുന്നു. ‘ഗിവിങ് ബാസ്‌ക്കറ്റ്’ പദ്ധതിക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്‍റ് നല്‍കുന്ന പിന്തുണയെയും നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഈ ഭക്ഷണ കൊട്ടകള്‍ എത്തിക്കുന്നതിന് നല്‍കുന്ന സഹകരണത്തെയും ഹിഫ്സ് അല്‍ നെയ്മ സെന്‍റര്‍ ഡയരക്ടര്‍ എഞ്ചിനീയര്‍ അലി ബിന്‍ അയ്ദ് അല്‍ ഖഹ്താനി പ്രശംസിച്ചു.

ഈ സംരംഭം ഗുണഭോക്താക്കളുടെ ഹൃദയത്തില്‍ നല്ല സ്വാധീനം ചെലുത്തിയതായി അല്‍ ഖഹ്താനി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും അനുകമ്പയുടെയും മനോഭാവം പ്രചരിപ്പിക്കുന്നതിനും ദാനം നല്‍കുന്ന സംസ്‌ക്കാരം ശക്തിപ്പെടുത്തുന്നതിനുമായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്‍റാണ് ‘ഗിവിംഗ് ബാസ്‌ക്കറ്റ്’ സംരംഭവും അനുബന്ധ കാമ്പെയ്നും ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.