
സ്വന്തം ലേഖകൻ: ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും റംസാൻ വ്രതാരംഭം ചൊവ്വാഴ്ച തുടങ്ങും. സൗദിയിൽ മാസപ്പിറവി ദൃശ്യമാകാത്തതിന്റെ അടിസ്ഥാനത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ടും യു.എ.ഇ. മാസപ്പിറവി നിരീക്ഷണ സമിതിയും പ്രഖ്യാപിച്ചു.
എന്നാൽ, ഒമാനിൽ ബുധനാഴ്ചയായിരിക്കും വ്രതാരംഭമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്ത് മാസപ്പിറവി കാണാത്തതിനെത്തുടർന്നാണ് വ്രതാരംഭം ബുധനാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചത്. ഒമാൻ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ സാൽമി അധ്യക്ഷനായ ചന്ദ്രനിരീക്ഷണ സമിതിയാണ് പ്രഖ്യാപനം നടത്തിയത്.
കുവൈത്തിൽ റമസാനിലെ തറാവീഹ് നമസ്കാരം 15 മിനിറ്റിൽ കൂടരുതെന്ന് മന്ത്രിസഭാ നിർദേശം. തറാവീഹ് നമസ്കാരത്തിന് സ്ത്രീകൾക്ക് പ്രവേശനമില്ല. ഇശാ നമസ്കാരം കഴിഞ്ഞ ഉടനെ തറാവീഹ് നമസ്കാരം നടത്തണമെന്നും മന്ത്രിസഭ തീരുമാനിച്ചതായി സർക്കാർ വക്താവ് താരീഖ് അൽ മുസറം പറഞ്ഞു.
5 നേരവും നമസ്കാരം കഴിഞ്ഞാൽ പള്ളികൾ അടയ്ക്കണം. റമസാൻ പ്രമാണിച്ചുള്ള പ്രഭാഷണങ്ങളും ക്ലാസുകളും പാടില്ല. പള്ളികളിലും പൊതുസ്ഥലങ്ങളിലും ഇഫ്താർ ഭക്ഷണവിതരണം പാടില്ല. കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർ നമസ്കാരങ്ങൾക്കായി പള്ളികളിൽ എത്തരുത്. അവർ വീടുകളിൽ തന്നെ നമസ്കാരം നിർവഹിക്കണം.
കോവിഡ് പശ്ചാത്തലത്തിൽ മക്കയിലും മദീനയിലും റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരം പകുതിയാക്കി (10 റകഅത്ത്) കുറച്ചു. ഭരണാധികാരി സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ സ്വീകരിക്കാനും നിർദേശമുണ്ട്.
കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം. ഹറമിലേക്കു കുട്ടികളെ കൊണ്ടുവരുന്നതും വിലക്കി. രാജ്യത്തെ മറ്റു പള്ളികളിൽ ഇശാ, തറാവീഹ് നമസ്കാരം അര മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് മതകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രാർഥനയ്ക്കെത്തുന്നവർ വിരിപ്പ് (മുസല്ല) കരുതണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല