1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2021

സ്വന്തം ലേഖകൻ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തുനിഞ്ഞിറങ്ങിയാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) കഥ തന്നെ തീരുമെന്ന് പിസിബി ചെയർമാനും മുൻ പാക്കിസ്ഥാൻ താരവുമായ റമീസ് രാജ. പാക്കിസ്ഥാനിലെ സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചിൽ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ആകെ ഫണ്ടിന്റെ 90 ശതമാനവും വരുന്നത് ബിസിസിഐയിൽനിന്നാണെന്ന് റമീസ് രാജ ചൂണ്ടിക്കാട്ടി.

“രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) സാമ്പത്തിക സഹായം കൊണ്ടാണ് പിസിബി രക്ഷപ്പെട്ടു പോകുന്നത്. എന്നാൽ‌ ഐസിസിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണ്,“ രാജ പറഞ്ഞു.

‘‘ഐസിസി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി പോലെയാണ്. ഇന്ത്യയിലെ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അതു വഴി പാക്ക് ക്രിക്കറ്റിനെയും. ഭാവിയിൽ പാക്കിസ്ഥാനു സഹായം നൽകരുത് എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാൽ നമ്മളെന്തു ചെയ്യും?’’– രാജ ചോദിച്ചു.

ഐസിസിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താൻ പിസിബി പുതിയ വഴികൾ തേടണമെന്നും ചെയർ‌മാൻ പറഞ്ഞു. അപ്രതീക്ഷിതമായി റദ്ദാക്കിയ പാക്കിസ്ഥാൻ–ന്യൂസീലൻഡ് പരമ്പര വീണ്ടും നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും രാജ അറിയിച്ചു.

“പാക്കിസ്ഥാനിൽ വന്നശേഷം പരമ്പര റദ്ദാക്കി പോയ ന്യൂസീലൻഡിന്റെ നടപടി അംഗീകരിക്കാവുന്നതല്ല. എന്തുകൊണ്ടാണ് പരമ്പര റദ്ദാക്കുന്നതെന്ന് ഇന്നുവരെ അവർ നമ്മളെ അറിയിച്ചിട്ടില്ല. ഇപ്പോൾ പരമ്പര മറ്റൊരു മാസത്തേക്ക് മാറ്റാൻ അവർ ശ്രമിക്കുന്നുണ്ട്,“ റമീസ് രാജ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.