1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2015

സ്വന്തം ലേഖകന്‍: ഒമാനില്‍ റമദാന്‍ മാസം പകല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷവരെ ലഭിക്കാമെന്ന് പോലീസ് മുന്നറിയിപ്പ്. എന്നാല്‍, നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്കും മറ്റ് മതവിശ്വാസികള്‍ക്കും താമസ സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിന് തടസമില്ലെന്നും പൊലീസ് അറിയിച്ചു.

റമദാനില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നതും പാനീയങ്ങള്‍ ഉപയോഗിക്കുന്നതും ഒമാന്‍ പീനല്‍ കോഡ് 312 ബാര്‍ 10 എ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. പത്ത് ദിവസം വരെ തടവും അഞ്ച് റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

റമദാന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് രാജ്യത്ത് ഇത്തരമൊരു നിയമം നിലവിലുണ്ടെന്ന് അറിയാതെ മുന്‍ വര്‍ഷങ്ങളില്‍ നിരവധി പേര്‍ കേസിലകപ്പെട്ട സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഇസ്‌ലാം മതവിശ്വാസികള്‍ അല്ലാത്തവര്‍ പകല്‍ സമയത്ത് ഭക്ഷണവും വെള്ളവും ഉപയോഗിക്കരുത് എന്ന് നിയമമില്ല. എന്നാല്‍ ഭൂരിപക്ഷം പേരും അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ അവയുടെ പരസ്യമായ ഉപയോഗം ഒഴിവാക്കാനാണ് നിയമം ഉദ്ദേശിക്കുന്നതെന്ന് മതകാര്യ മന്ത്രാലയത്തിലെ പ്രഭാഷക സുഫിയാന്‍ ഖലീഫ പറഞ്ഞു.

പ്രവാചകന്റെ കാലത്ത് മറ്റ് മതവിശ്വാസികള്‍ പരസ്യമായി പോലും ഭക്ഷണം കഴിക്കുന്നത് വിലക്കിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. റമദാനില്‍ പകല്‍ സമയത്ത് ഒമാനിലെ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ആവശ്യപ്രകാരം വീടുകളി!ല്‍ ഭക്ഷണമെത്തിച്ചു നല്‍കുന്നതിന് തടസമില്ല. നോമ്പില്ലാത്ത തൊഴിലാളികള്‍ക്ക് അടച്ചിട്ട സ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.