1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2019

സ്വന്തം ലേഖകൻ: 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ നാളെ ചുമതലയേല്‍ക്കും. 2018 ഒക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായി 46ാം-മത്തെ ചീഫ് ജസ്റ്റിസായി ഗൊഗോയി ചുമതലയേല്‍ക്കുന്നത്. ഞാന്‍ എന്താണോ അതാണ് ഞാന്‍ എന്നായിരുന്നു ചുമതലയേല്‍ക്കുമ്പോള്‍ ഗൊഗോയി പറഞ്ഞത്.

അയോധ്യ, ശബരിമല, റഫാല്‍, അസം പൗരത്വ രജിസ്റ്റര്‍, ആര്‍.ടി.ഐ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ഗൊഗോയി വിരമിക്കുന്നത്. സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയാണ് എസ്.എ ബോബ്‌ഡെ. ബോംബെ ഹൈക്കോടതി ജഡ്ജിയും മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ബോബ്‌ഡെ 2013-ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്.

ബോബ്ഡെയുടെ പിതാവ് അരവിന്ദ് ബോബ്ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു. മുതിര്‍ന്ന സഹോദരന്‍ വിനോദ് ബോബ്ഡെ സുപ്രിം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ ജസ്റ്റിസ് ബോബ്ഡെ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്. ജസ്റ്റിസ് ഗൊഗോയ് വിരമിക്കുന്നതോടെ ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായി സുപ്രിംകോടതി കൊളീജിയം പുനസ്സംഘടിപ്പിക്കും.

അതേസമയം, സഹപ്രവര്‍ത്തകര്‍ ഒരുക്കിയ യാത്രയയപ്പില്‍ കൂടുതല്‍ ഒന്നും സംസാരിക്കാതെയായിരുന്നു ഗൊഗോയുടെ വിടവാങ്ങല്‍. ബാര്‍ അസോസിയേഷന്‍ ഒരുക്കിയ വേദിയില്‍ സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ തയ്യാറാക്കിയ കുറിപ്പ് ചീഫ് ജസ്റ്റിസിന് വേണ്ടി സെക്രട്ടറി പ്രീതി സിന്‍ഹയാണ് വായിച്ചത്.

അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് ഗൊഗോയി. വിരമിക്കലിനു ശേഷം ഗുവാഹത്തിയിലായിരിക്കും ഗൊഗോയി സ്ഥിരതാമാസമാക്കുക. ഇസഡ് പ്ളസ് സുരക്ഷ നല്‍കണമെന്ന് അസം പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.