1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2017

സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും, ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലാണ് സൈബര്‍ ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം ശനിയും ഞായറാഴ്ചയും കഴിഞ്ഞ് തിങ്കളാഴ്ച ഓഫീസുകള്‍ തുറന്നപ്പോഴാണ് കമ്പ്യൂട്ടറിലെ വിവരങ്ങള്‍ വിട്ടുനല്‍കണമെങ്കില്‍ മോചനദ്രവ്യമായി ബിറ്റ്‌കോയിനായി പണം നല്‍കണമെന്ന സന്ദേശങ്ങള്‍ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ തെളിഞ്ഞത്.

വെള്ളിയാഴ്ച തന്നെ ഇത്തരം സന്ദേശം പല കമ്പ്യൂട്ടറുകളിലും വന്നെങ്കിലും സൈബര്‍ ആക്രമണമാണിതെന്ന് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും മനസിലായില്ല. വെള്ളിയാഴ്ച മുതലാണ് ലോക വ്യാപകമായി വാന്നക്രൈ എന്ന റാന്‍സംവെയര്‍ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ആക്രമണം അഴിച്ചുവിട്ടത്. 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലേറെ കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ(ഒ.എസ്.) പഴകിയ പതിപ്പുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ ഏറെയും സ്വതന്ത്ര സോഫ്റ്റ്‌വേറായ ലിനക്‌സാണ് ഉപയോഗിക്കുന്നതെങ്കിലും ആക്രമണത്തിന് ഇരയായത് വിന്‍ഡോസ് 7 ല്‍ പ്രവര്‍ത്തിക്കുന്നവയാണ്. വയനാട് ജില്ലയിലെ തരിയോട്, പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം, ഏനാദിമംഗലം, കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, തൃശൂര്‍ ജില്ലയിലെ അന്നമനട, കുഴുര്‍, തിരുവനന്തപുരം ജില്ലയിലെ കരവാലം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.