സ്വന്തം ലേഖകൻ: രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ചര്‍ച്ചയായതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപകമായ ദുരുപയോഗം ചര്‍ച്ചയാവുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഈ വര്‍ഷം വ്യാജ പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വ്യക്തികളുടെ വസ്ത്രം നീക്കം ചെയ്യാനും അവരെ നഗ്നരാക്കി മാറ്റാനും പോണോഗ്രഫി വീഡിയോകളിലെ കഥാപാത്രങ്ങളുടെ മുഖത്തിന് പകരം മറ്റുള്ളവരുടെ മുഖം ചേര്‍ക്കാനും വളരെ എളുപ്പം എഐ ടൂളുകള്‍ വഴി സാധിക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എഐ നിര്‍മിത പോണ്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന 10 മുന്‍നിര വെബ്‌സൈറ്റുകളില്‍ വ്യാജ നഗ്ന ചിത്രങ്ങളുടെ എണ്ണത്തില്‍ 2018 മുതല്‍ 290 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അനലിസ്റ്റായ ജീന്‍വീവ് ഓഹ് പറയുന്നു. എഐ നിര്‍മിത പോണ്‍ വീഡിയോകളും ഇന്റര്‍നെറ്റില്‍ കുമിഞ്ഞുകൂടുകയാണ്.
വ്യാജ പോണ്‍ വീഡിയോകള്‍ പങ്കുവെക്കുന്ന വെബ്‌സൈറ്റുകളില്‍ 2023 ല്‍ മാത്രം 143000 വീഡിയോകള്‍ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ജീന്‍വീവ് ഓഹ് പറയുന്നത്. വലിയ രീതിയില്‍ പോണ്‍ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് എക്‌സ്.കോം. എഐ നിര്‍മിത നഗ്ന ചിത്രങ്ങളും വീഡിയോകളും എക്‌സില്‍ വ്യാപകമാണ്. റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ഉള്ളടക്കങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു.
സിനിമാ നടിമാരെ കൂടാതെ സോഷ്യല്‍ മീഡിയാ താരങ്ങളും ഡീപ്പ് ഫേക്കുകളുടെ ഇരകളാവുകയാണ്.റീല്‍സ് താരങ്ങളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വരെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ എക്‌സിലും മറ്റ് വെബ്‌സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്. മലയാള സിനിമാ നടിമാരും റീല്‍സ് താരങ്ങളും അക്കൂട്ടത്തിലുണ്ട്. രശ്മിക മന്ദാന, സാമന്ത റുത്ത് പ്രഭു, ത്രിഷ തുടങ്ങി നിരവധി ചലച്ചിത്ര നടിമാര്‍ അതില്‍ ചിലര്‍ മാത്രമാണ്.
യഥാര്‍ത്ഥ മനുഷ്യരുടേതെന്ന് തോന്നിക്കുന്ന നഗ്ന ചിത്രങ്ങളും വീഡിയോകളും ഇതേ രീതിയില്‍ എഐ വഴി നിര്‍മിക്കപ്പെടുന്നുണ്ട്. ആരേയും നഗ്നരാക്കുന്ന ടെലഗ്രാം ബോട്ടുകള്‍- വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിവുള്ള എഐ അധിഷ്ടിത ചാറ്റ്‌ബോട്ടുകള്‍ മെസേജിങ് ആപ്പായ ടെലഗ്രാമില്‍ സജീവമാണ്. ചിത്രം അയച്ചുകൊടുത്താല്‍ മറുപടിയായി ലഭിക്കുക ആ ചിത്രത്തിലെ വ്യക്തിയുടെ നഗ്ന ചിത്രങ്ങളാവും.
സര്‍ക്കാരില്‍ നിന്ന് കടുത്ത നിര്‍ദേശങ്ങളുണ്ടായിട്ടും പോണ്‍ ഉള്ളടക്കങ്ങളുടെയും, സാധാരണ വ്യക്തികളുടെ ഫോണുകളില്‍ നിന്നും മറ്റും പലവഴിയെ ചോരുന്ന സ്വകാര്യ ദൃശ്യങ്ങളും, വ്യാജ ഡീപ്പ്‌ഫേക്ക് നഗ്ന ഉള്ളടക്കങ്ങളും പ്രചരിക്കുന്നത് തടയാന്‍ യാതൊരു വിധ നടപടിയും മുന്‍നിര സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിക്കുന്നില്ല. എങ്കിലും ഫേസ്ബുക്കില്‍ അത്തരം നഗ്ന ദൃശ്യങ്ങള്‍ കുറവാണ് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ എക്‌സ്.കോം (ട്വിറ്റര്‍) നേര്‍ വിപരീതമാണ്. നഗ്ന ഉള്ളടക്കങ്ങള്‍ അനുവദിക്കുന്ന മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ വ്യാപകമായുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല