1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത; ഇതുവരെ മരണം 14 ആയി; ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. ആഗസ്ത് 8ന് ശേഷം കോഴിക്കോട് ജില്ലയില്‍ മാത്രം 11 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഇന്നലെ മരിച്ച മൂന്ന് പേരില്‍ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ആലപ്പുഴയില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്നലെ പനി ബാധിച്ച് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. മറ്റു മൂന്ന് പേരും എലിപ്പനി രോഗലക്ഷണങ്ങളോടെയായിരുന്നു ചികിത്സ തേടിയിരുന്നത്. ഇതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി.

ചികിത്സ തേടിയ 43 പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. 131 പേര്‍ രോഗലക്ഷണങ്ങളോടെയാണ് ചികിത്സയില്‍ കഴിയുന്നത്. ആലപ്പുഴയില്‍ മൂന്ന് പേരാണ് എലിപ്പനി മൂലം മരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എലപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് എലിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എലിപ്പനി പടരാതിരിക്കുന്നതിന് ജനങ്ങള്‍ പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കണം എന്നും മന്ത്രി നിര്‍ദേശിച്ചു. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു ബന്ധപ്പെട്ടവരും കടുത്ത ജാഗ്രത പുലര്‍ത്തണം. ഇപ്പോള്‍ തിരുവനന്തപുരം, കോഴിക്കോട് ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് എലിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.